ചെന്നെെ: തമിഴ്‌നാട് തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവർ പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനു ഇരയായി മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആവശ്യമുയർന്നിട്ടുണ്ട്.

#JusticeForJeyarajAndFenix എന്ന ഹാഷ്‌ടാഗിലാണ് കസ്റ്റഡി മരണത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നത്‌. വിവിധ സാമൂഹിക സാസ്‌കാരിക പ്രവര്‍ത്തകരും കുറ്റവാളികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡ് പൊലീസ് അതിക്രമത്തെ തുടർന്ന് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തോട് ഉപമിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം.

Read Also: കുതിച്ചുയരുന്ന കോവിഡ് വ്യാപന നിരക്ക്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

സംസ്ഥാന സർക്കാർ കൃത്യമായി അന്വേഷണം നടത്താത്തപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ചെന്നെെയിൽ പറഞ്ഞു. എന്തുകൊണ്ടാണ് പൊലീസ് ഇതുവരെ പ്രതികളെ പിടികൂടാത്തതെന്നും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനു കാരണമെന്താണെന്നും ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു. സർക്കാർ നിശബ്‌ദത പാലിക്കുന്നതിനെയും കനിമൊഴി ചോദ്യം ചെയ്‌തു. പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തിലേറെ പേരാണ് തമിഴ്‌നാട്ടിൽ പ്രതിഷേധിച്ചത്.

മദ്രാസ് ഹെെക്കോടതിയിലെ മുൻ ജഡ്‌ജി ജസ്റ്റിസ് കെ.ചന്ദ്രുവും വിഷയത്തിൽ പ്രതിഷേധമറിയിച്ചു. സാത്താങ്കുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി.ശരവണനെ പുറത്താക്കണമെന്നാണ് ജസ്റ്റിസ് കെ.ചന്ദ്രു ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട ബെന്നിക്‌സ്, ജയരാമൻ എന്നിവരെ കസ്റ്റഡിയിൽവയ്‌ക്കാൻ അനുവാദം നൽകിയത് സാത്താങ്കുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ്. ഇരുവരെയും ചോരയൊലിക്കുന്ന വിധത്തിലാക്കിയാണ് മജിസ്‌ട്രേറ്റിനു മുന്നിലെത്തിച്ചതെന്നും മജിസ്‌ട്രേറ്റ് ഇക്കാര്യത്തിൽ കൃത്യമായി ഇടപെട്ടില്ലെന്നുമാണ് ആരോപണം.

Read Also: കോവിഡ് വ്യാപനം; മലപ്പുറത്ത് അതീവ ജാഗ്രത

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഭവത്തിൽ അനുശോചനമറിയിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസ് ചൂഷകരാകുന്നത് വലിയ ദുരന്തമാണെന്ന് രാഹുൽ പറഞ്ഞു. പൊലീസിന്റെ അതിക്രൂരമായ മർദനത്തെ രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്‌തു.

അതേസമയം, ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ്‌ പൊലീസ്. സംഭവത്തില്‍ സാത്താങ്കുളം സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്‌ടർമാരെ സസ്‌പെന്‍ഡ് ചെയ്തു. ഏതാനും പൊലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് തൂത്തുക്കുടി കലക്‌ടർ നേരത്തെ അറിയിച്ചിരുന്നു.

ലോക്ക്‌ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook