കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ് ഡൽഹിലെത്തിയതായി റിപ്പോർട്ടുകൾ. മുകുൾ റോയ് ഡൽഹിലെത്തിയതായുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ വെള്ള പൈജാമയും കുർത്തയും ധരിച്ച മുകുൾ റോയ് സ്വീകരിക്കാനെത്തിയ ഒരാളോട് സംസാരിക്കുന്നതാണ് കാണിക്കുന്നത്. വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ ഇന്ത്യൻ എക്സ്പ്രസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, ചിലർ തന്റെ പിതാവിന്റെ അനാരോഗ്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് പുതിയ സംഭവവികാസങ്ങൾക്കുശേഷം മകൻ സുഭർഗ്ഷു പറഞ്ഞു. മുതിർന്ന ടിഎംസി നേതാവിനെ കാണാനില്ലെന്ന് മകൻ പറഞ്ഞിരുന്നു.
ചില കാര്യങ്ങൾക്കായാണ് ഡൽഹിലെത്തിയതെന്ന് മുകുൾ റോയ് ഡൽഹി വിമാനത്താവളത്തിൽവച്ച് പറയുന്നു. “ഞാൻ പലപ്പോഴും ഡൽഹിയിൽ വരാറുണ്ട്, ഇത്തവണയും വന്നു. ഇവിടെ കുറച്ച് ജോലിയുണ്ട്. ഞാൻ മെഡിക്കൽ ചെക്കപ്പിന് വന്നതല്ല.”
“ഞാൻ രാഷ്ട്രീയ കാരണങ്ങൾക്കായിട്ടല്ല വന്നത്. ഒരു പ്രത്യേക ആവശ്യത്തിന് വേണ്ടി വന്നതാണ്. എനിക്ക് ഡൽഹിയിൽ വരാൻ പറ്റില്ലേ? ഞാൻ എംഎൽഎയാണ്, ഇവിടെ എംപി ആയിരുന്നു,” മുകുൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
മുകുൾ റോയിയെ തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ലെന്ന് മകനും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു. “ഇതുവരെ പിതാവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല,” വാർത്താ ഏജൻസിയായ പിടിഐയോട് സുഭർദ്ഷു പറഞ്ഞു. മുൻ റെയിൽവേ മന്ത്രിയായിരുന്നു മുകുൾ റോയ്.
തൃണമൂൽ കോണ്‍ഗ്രസിൽ രണ്ടാമനായിരുന്നു മുകുൾ റോയ്. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് 2017ൽ പാര്‍ടി വിട്ട മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ പദവി വരെയെത്തിയ അദ്ദേഹം 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി.