ലക്‌നൗ: സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞുവച്ചു. ബംഗാളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് എത്തിയ മൂന്നംഗ എംപി സംഘത്തെയാണ് യുപി പൊലീസ് ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. സോന്‍ഭദ്രയില്‍ സ്ഥല തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കാനുമാണ് പശ്ചിമ ബംഗാളില്‍ നിന്ന് മൂന്ന് എംപിമാരടങ്ങുന്ന സംഘം ഉത്തര്‍പ്രദേശിലേക്ക് എത്തിയത്.

തൃണമൂല്‍ എംപിമാരായ ഡെറിക് ഒബ്രിയാന്‍, സുനില്‍ മൊണ്ടാല്‍, അബിര്‍ രഞ്ജന്‍ ബിസ്വാസ് എന്നിവരാണ് വിമാനത്താവളത്തില്‍ യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പൊലീസ് ഇവരോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് നേരത്തെ തടഞ്ഞിരുന്നു. പ്രിയങ്ക ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

Read Also: ‘ഇല്ല, തിരിച്ചുപോകില്ല ഞാന്‍’; പ്രതിഷേധം തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഉള്ളത്. രാത്രി മുഴുവന്‍ പ്രതിഷേധവുമായി ഇവിടെ കഴിച്ചുകൂട്ടി. നിരവധി ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ ഒരടി പിന്നോട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്കയെ പിന്‍തിരിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്.

“വാരണാസി എഡിജിപിയെയും വാരണാസി കമ്മീഷണറെയും യുപി സര്‍ക്കാര്‍ അനുനയ നീക്കത്തിനായി വിട്ടു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാതെ തിരിച്ചുപോകണമെന്നാണ് അവര്‍ പറയുന്നത്. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. എന്നാല്‍, എന്തിനാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട പേപ്പറുകളൊന്നും അവര്‍ എനിക്ക് തന്നിട്ടുമില്ല” – പ്രിയങ്ക ഗാന്ധി പറഞ്ഞു.

തന്നെ കസ്റ്റഡിയിലെടുത്തിരിക്കുന്നത് നിയമപരമായല്ല എന്ന് പ്രിയങ്ക പറഞ്ഞു. നിയമം ലംഘിക്കാനല്ല താന്‍ ഇവിടെ വന്നതെന്നും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാത്രമേ താന്‍ തിരിച്ചുപോകൂ എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook