/indian-express-malayalam/media/media_files/uploads/2017/06/mamata-banerjimamata7591.jpg)
ന്യൂഡല്‍ഹി : പൗരന്‍റെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുന്നത് ഒരു തുടര്‍ സംഭവമായിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികൾ. കേന്ദ്ര സര്‍ക്കാരിന്‍റെ വാദങ്ങളെ നിരാകരിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മുന്നോട്ട് വന്നപ്പോള്‍. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി രാജിവെക്കണം എന്ന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ആധാറിലെ വിവരങ്ങള്‍ ചോരുന്നതിനെ കുറിച്ച് 'ജാഗരൂകരായിരിക്കണം' എന്നഭിപ്രായപ്പെട്ട മമതാ ബാനര്‍ജി, അത് 'വ്യക്തികളേയും സമൂഹത്തേയും ' ദോഷകരമായി ബാധിക്കും എന്നും കൂട്ടിച്ചേര്‍ത്തു. " നമുക്ക് ആദ്യമേ വോട്ടര്‍ ഐഡി കാര്‍ഡും പാന്‍ കാര്‍ഡും ഉണ്ട്. പിന്നെയെന്തിനാണ് ആധാര്‍ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആധാര്‍ എന്ന പേരില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷം വിതയ്ക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് എന്‍റെ അഭിപ്രായം." പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. " ചില ആളുകള്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ പോലെയാണ്. അവര്‍ പെട്ടെന്നാണ് സംസ്ഥാനങ്ങളെ വിഭജിക്കുകയും നോട്ടുനിരോധിക്കുകയും പോലത്തെ തീരുമാനങ്ങള്‍ എടുക്കുന്നത്. അത്തരത്തിലുള്ള ഒരു മനസ്സാക്ഷിയാണ് ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ ചോര്‍ച്ചയിലും കാണുന്നത്. " മമത പറഞ്ഞു.
ഏതാണ്ട് 200ഓളം കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റുകളാണ് പൗരന്റെ പേരും വിലാസവും അടക്കം വരുന്ന സ്വകാര്യ വിവരങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത് എന്ന് യുണീക് ഐഡന്‍ഡിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പറയുന്നു. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ആധാര്‍ നല്‍കുന്ന ഏജന്‍സിയായ യുഐഡിഎഐ ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ചോര്‍ച്ചയെക്കുറിച്ച് ശ്രദ്ധയില്‍ പെട്ടതായും ഇത്തരം വിവരങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും യുഐഡിഎഐ പറയുന്നു.
മമതാ ബാനര്‍ജിയുടെയും പ്രതിപക്ഷ കക്ഷികളുടേയും വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ദിലീപ് ഘോഷ് മുന്നോട്ട് വന്നു. " ഇന്ത്യ പോലുള്ള രാഷ്ട്രത്തില്‍ ഒരു പുതിയ വ്യവസ്ഥ അവതരിപ്പിക്കുന്നതില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ വരും. അതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതില്‍ നിന്നും നമ്മള്‍ വിട്ടുനില്‍ക്കണം." എന്നായിരുന്നു ദിലീപ് ഘോഷിന്‍റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.