Top News Highlights: സംസ്ഥാനത്തെ പൊലീസ് സേനയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. “പൊലീസിലെ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. അത്തരമൊരു സേനയില്‍ ക്രിമിനലുകള്‍ വേണ്ട,” മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്കപ്പ് മര്ദനമുണ്ടായാല് അത് സിബിഐയെ ഏല്‍പ്പിക്കും, പൊലീസ് അന്വേഷിക്കേണ്ടതില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: തന്നെ കുടുക്കിയതാണെന്ന് ദിവ്യ നായര്‍
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ തന്നെ കുടുക്കിയതാണെന്ന് മുഖ്യ ഇടനിലക്കാരി ദിവ്യ നായര്‍. പ്രധാന പ്രതികളായ ശശികുമാരന് തമ്പിയുടെയും ശ്യാംലാലിന്റെയും വീട്ടില്‍ ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്നാണ് കേസ്.
ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകൾ ഇടും. ജോലിയെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ഇൻബോക്സിലൂടെ മറുപടി നൽകുന്നതിനൊപ്പം പണവും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്സിക്ക് വിട്ടിട്ടില്ല.
മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കോവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂര്‍ണ ജീനോമിക് സര്‍വയലന്‍സാണ് (ഡബ്ല്യു.ജി.എസ്.) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളില്‍ ജനിതക നിര്‍ണയത്തിനായി സാമ്പിളുകള്‍ അയയ്ക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളില്‍ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും.
അവധിക്കാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാസ്ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം.
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി അറേബ്യ ക്ലബ്ബായ അല്‍ നാസറിലേക്ക്. സ്പാനിഷ് മാധ്യമമായ മാഴ്സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2030 വരെയായിരിക്കും ക്ലബ്ബുമായുള്ള താരത്തിന്റെ കരാറെന്നാണ് ലഭിക്കുന്ന വിവരം.
അതിൽ രണ്ടര വർഷം ഒരു കളിക്കാരൻ എന്ന നിലയിലും ബാക്കിയുള്ളത് 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഈജിപ്തിനും ഗ്രീസിനുമൊപ്പം സൗദി അറേബ്യയുടെ ശ്രമത്തിന്റെ അംബാസഡറായും ആയിരിക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ പ്രധാനമന്ത്രി യോഗത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ പൊലീസ് സേനയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. “പൊലീസിലെ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. അത്തരമൊരു സേനയില്‍ ക്രിമിനലുകള്‍ വേണ്ട,” മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്കപ്പ് മര്ദനമുണ്ടായാല് അത് സിബിഐയെ ഏല്‍പ്പിക്കും, പൊലീസ് അന്വേഷിക്കേണ്ടതില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തിടെ കേസുകള്‍ വര്ധിച്ചതിനെത്തുടര്ന്നുള്ള ആഗോള കോവിഡ് സാഹചര്യം സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൂടുതല്‍ ജാഗ്രത വേണമെന്നും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലോക്സഭയില്‍ സംസാരിക്കവെ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രക്കാരെ റാന്‍ഡം ടെസ്റ്റിങ് പോലുള്ള നടപടികള്‍ക്കു വിധേയമാക്കുന്നത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, വാക്സിന് സ്വീകരിക്കുക എന്നിവയുള്‍പ്പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടരാന്‍ അദ്ദേഹം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു.
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നിരൂപകനും വിവര്‍ത്തകനുമായ പ്രൊ. തോമസ് മാത്യുവിന്. ‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്കാരം ലഭിച്ചത് ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്.
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ സ്വദേശിയായ നിദ ഫാത്തിമ (10)യാണ് മരിച്ചത്. ഛര്‍ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിതോടെ നിദയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.കേരളത്തിന്റെ അണ്ടര്‍ 14 ടീം അംഗമായിരുന്നു നിദ.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശം നല്കി സംസ്ഥാന ആരോഗ്യവകുപ്പ്. മാസ്ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സീന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി.
സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ചികിത്സതേടണം. സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കും. നിലവില്‍ പരിശോധന കുറവായതിനാലാണ് കേസുകളില്‍ കുറവ് കാണിക്കുന്നതെന്നാണ് വിലയിരുത്തലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.Readmore
ലോക്സഭയില്‍ മാസ്ക് ധരിക്കാന്‍ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ലയുടെ നിര്‍ദേശം. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. കോവിഡ് ബോധവത്കരണ പരിപാടികളില്‍ അംഗങ്ങള്‍ സജീവമാവാനും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നതുള്‍പ്പെടെ കോവിഡിന് ഉചിതമായ ശീലങ്ങള്‍ പിന്തുടരാന് ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യോഗം.