ബെയ്ജിങ്: വർഷങ്ങൾക്കു മുൻപ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന് പകരമായി ടൈറ്റാനിക് രണ്ടാമൻ വരുന്നു. ടൈറ്റാനിക് കപ്പലിന് പൂർത്തിയാക്കാൻ കഴിയാതെ പോയ യാത്ര പൂർത്തിയാക്കുകയാണ് ടൈറ്റാനിക് II ന്റെ ലക്ഷ്യം. 2022 ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കപ്പൽ യാത്രയ്ക്കായി ഇറങ്ങും.
1912 ൽ ടൈറ്റാനിക് കപ്പൽ യാത്രയ്ക്ക് പോയ അതേ റൂട്ടിലാണ് ടൈറ്റാനിക് II യാത്ര ചെയ്യുക. ടൈറ്റാനിക്കിൽ 2,400 ഓളം യാത്രക്കാരും 900 ത്തോളം ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇത്രയും യാത്രക്കാരും ജീവനക്കാരും പുതിയ കപ്പലിലും ഉണ്ടാവും. ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയിലാണ് പുതിയ കപ്പലും ഒരുങ്ങുന്നത്. ടൈറ്റാനിക് കപ്പലിനകത്തെ ആഡംബര സൗകര്യങ്ങളെല്ലാം ടൈറ്റാനിക് II ലും ഉണ്ടാകും. എന്നാൽ ആദ്യത്തേതിനെക്കാൾ സുരക്ഷയ്ക്കായി കൂടുതൽ സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടുതൽ ലൈഫ് ജാക്കറ്റുകൾ, മോഡേൺ നാവിഗേഷൻ, റഡാർ സംവിധാനം എന്നിവയൊക്കെ ടൈറ്റാനിക് II ൽ ഉണ്ടാകും.

ഓസ്ട്രേലിയൻ ആസ്ഥാനമായ ബ്ലൂ സ്റ്റാർ ലെയ്ൻ കമ്പനി ചൈനയിലാണ് കപ്പൽ നിർമ്മിക്കുന്നത്. 500 മില്യൻ ഡോളറാണ് നിർമ്മാണ ചെലവ്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽനിന്നും ന്യൂയോർക്കിലായിരിക്കും കപ്പൽ യാത്ര ചെയ്യുക. രണ്ടാഴ്ച നീണ്ടുനിൽക്കുന്നതാണ് കപ്പൽ യാത്ര. ടൈറ്റാനിക്കിൽ ഉളളതുപോലെ ഫസ്റ്റ്, സെക്കന്റ്, തേർഡ് ക്ലാസ് നിരക്കുകളിലായിരിക്കും ടിക്കറ്റുകൾ.
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാകപ്പലായിരുന്നു ടൈറ്റാനിക്. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിപ്പിക്കപ്പെട്ട കപ്പൽ ആദ്യ യാത്രയിൽ തന്നെ തകരുകയായിരുന്നു. 1912 ഏപ്രിൽ 15 നാണ് കപ്പൽ മുങ്ങിയത്.