കോയമ്പത്തൂർ: തെരുവുനായയുടെ ആക്രമണം പേടിച്ച് ഭയന്നോടിയ ആന വീണ് പരുക്കേറ്റ് ചരിഞ്ഞു. തിരുവണ്ണാമലൈ അരുണാചലേശ്വർ ക്ഷേത്രത്തിലെ രുക്കു എന്ന ആനയാണ് ചരിഞ്ഞത്. 30-ാം പിറന്നാളിന് 15 ദിവസം ശേഷിക്കെയാണ് ആനയുടെ വിയോഗം. ഇത് നാടിനെയാകെ ദുഃഖത്തിലാഴ്‌ത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

തമിഴ്‌നാട് സർക്കാരാണ് മൂന്ന് വയസുളളപ്പോൾ ആനയെ ക്ഷേത്രത്തിന് കൈമാറിയത്. 27 വർഷമായി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു ആന. ബുധനാഴ്ച രാത്രി 9 മണിയോടെ ആനയെ പതിവ് വ്യായാമത്തിനായി അമ്പലത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയിരുന്നു. നടത്തത്തിനിടെ ഒരു കൂട്ടം തെരുവുനായ്ക്കൾ ആനയക്കും പാപ്പാന്മാർക്കും നേരെ പാഞ്ഞടുത്തു.

വിരണ്ടോടിയ ആന പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ചെന്ന് ഇടിച്ചുവീണു. പിന്നാലെയെത്തിയ പാപ്പാന്മാർ ആനയെ സമാധാനിപ്പിച്ച ശേഷം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ മറ്റൊരു തെരുവുനായ ഈ ഷെഡിനകത്ത് ആനയെ ആക്രമിച്ചു.

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച ആന ഷെഡിനോട് ചേർന്ന് സ്ഥാപിച്ച ഇരുമ്പുമറയിൽ തട്ടി വീണു. അപകടത്തിൽ മസ്‌തകത്തിന് ക്ഷതമേറ്റു. നിരവധി പരുക്കുകളും ഉണ്ടായി. ഡോക്‌ടർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ആന ചരിഞ്ഞു. ആനയ്ക്ക് വേണ്ടി പ്രത്യേക പൂജകൾ ക്ഷേത്രത്തിൽ നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ