ന്യൂഡൽഹി: മുത്തലാഖ് ചൊല്ലുന്നത് മുസ്‌ലിം സ്ത്രീകളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണോയെന്ന വിഷയം പരിഗണിക്കാനായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11 മുതൽ ഭരണഘടനാ ബഞ്ച് മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് മുത്തലാഖ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്. മെയ് 11 മുതല്‍ 19 വരെ വാദം നടക്കുമെന്ന് കോടതി അറിയിച്ചു.

മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13-ാം വകുപ്പ് പറയുന്നുണ്ട്. ഇതു പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുമോ, മുത്തലാഖും ബഹുഭാര്യത്വവും നിയമത്തിന്റെ മൗലികാവകാശ വിരുദ്ധമായ ഉപയോഗവും 25-ാം വകുപ്പിന്റെ സംരക്ഷണയില്‍ വരുന്നതാണോ, മതസ്വാതന്ത്ര്യം സംബന്ധിച്ച 25(1) വകുപ്പ് തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനുമുളള വകുപ്പുകള്‍ക്ക് വിധേയമാണോ, മുത്തലാഖും ബഹുഭാര്യത്വം അടക്കമുള്ളവ ഇന്ത്യയുടെ രാജ്യാന്തര താല്‍പര്യങ്ങള്‍ക്കും ധാരണകള്‍ക്കും ചേര്‍ന്നു പോകുന്നതാണോ എന്നിവയടക്കമുളള കാര്യങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം ഭരണഘടനാ ബെഞ്ച് പരിശോധിക്കുക.

വ്യക്‌തിനിയമങ്ങൾ ഈ വകുപ്പിന്റെ പരിധിയിൽ വരുമോയെന്ന തർക്ക വിഷയമാണ് കേന്ദ്രം ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിം വ്യക്‌തിനിയമ ബോർഡ് ഉൾപ്പെടെ ഹർജി നൽകിയ കക്ഷികളോട് നിലപാടുകൾ എഴുതി നൽകാൻ നേരത്തെ കോടതി നിർദേശിച്ചിരുന്നു.

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും മറ്റ് മുസ്‌ലിം സംഘടനകളും നൽകിയ ഹര്‍ജികളിലാണ് കോടതി വാദം കേള്‍ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook