ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരോചിതമായി ജീവന്‍ ത്യാഗം നല്‍കുകയായിരുന്നവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ടിപ്പുസുൽത്താന്റെ ജയന്തി ആഘോഷങ്ങളെ ചൊല്ലിയുള്ള വിവാദം കത്തി നില്‍ക്കെയാണ് രാഷ്ട്രപതിയുടെ പ്രസ്താവന. യുദ്ധത്തിൽ മൈസുരു റോക്കറ്റുകൾ ഉപയോഗിച്ച ടിപ്പു വികസനകാര്യത്തിൽ മുമ്പേ നടന്ന വ്യക്തിയായിരുന്നെന്നും കർണാടക നിയമസഭയുടെ (വിധാൻ സൗധ) വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് രാഷ്ട്രപതി പറഞ്ഞു.

അതേസമയം രാഷ്ട്രപതിയുടെ അഭിപ്രായത്തില്‍ തങ്ങള്‍ക്കും തര്‍ക്കമില്ലെന്ന് ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഢ പറഞ്ഞു. എന്നാല്‍ ചരിത്രകാരന്മാരും എഴുത്തുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ടിപ്പുവിനെതിരെ ഉയര്‍ത്തുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പഴിചാരി ബിജെപി നേതാവ് ആര്‍ അശോക രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗമാണ് രാഷ്ട്രപതിക്ക് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.

നവംബർ 10നാണ് കർണാടക സർക്കാർ ടിപ്പു സുൽത്താന്റെ ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ടിപ്പു സുൽത്താന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗിയുമായ ഒരാളെ മഹത്വവൽക്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നായിരുന്നു അനന്ത്കുമാറിന്റെ ആവശ്യം. ഇതു സംബന്ധിച്ച് കർണാടക സർക്കാരിന് മന്ത്രി കത്തയച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook