ന്യൂഡൽഹി: ടിപ്പുസുൽത്താനെതിരായ കേന്ദ്രമന്ത്രി അനന്ത്​ കുമാർ ഹെഗ്​ഡയുടെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബന്ധുക്കൾ നിയമ നടപടിയിലേക്ക്​​. ടിപ്പുവി​​ന്റെ കുടുംബത്തിലെ ആറാം തലമുറയിൽപ്പെട്ട ഭക്​തിയാർ അലിയാണ്​ നിയമനടപടി സ്വീകരിക്കുമെന്ന്​ അറിയിച്ചിരിക്കുന്നത്​. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടി​യാലോചിച്ച്​ ഹെഗ്​ഡയുടെ പരാമർശങ്ങൾക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന്​ അറിയില്ലെന്നും അ​ദ്ദേഹം വ്യക്​തമാക്കി.

ടിപ്പു സുല്‍ത്താന്‍ കൂട്ട ബലാല്‍സംഗവീരനും ക്രൂരനായ കൊലപാതകിയുമായിരുന്നെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്‌ഗെ പറഞ്ഞിരുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. അടുത്തമാസം പത്തിന് നടക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ തന്നെ ക്ഷണിക്കേണ്ടെന്നു വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് അനന്ത് കുമാര്‍ കത്തയച്ചത്.

അതേസമയം, എന്തു വില കൊടുത്തും സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടിനേതാക്കളെയും പ്രോട്ടോകോള്‍ പ്രകാരം ഉള്‍പ്പെടുത്തുമെന്നും പങ്കെടുക്കണോ വേണ്ടയോ എന്നത് അവരവര്‍ക്കു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ