ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച ‘ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ എന്ന അവകാശവാദത്തോടെ ടൈംസ് നൗവിന്റെ റിപ്പോര്‍ട്ട്. ഗുജറാത്തിലേയും ഹിമാചലിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന രാത്രി രാഹുല്‍ ഗാന്ധി ‘സിനിമ കാണാന്‍ പോയി’ എന്നാണ് ചാനലിന്റെ വെളിപ്പെടുത്തല്‍.

തിങ്കളാഴ്ച രാത്രി രാഹുലും മറ്റ് നാല് സുഹൃത്തുക്കളും ‘സ്റ്റാര്‍ വാര്‍സ്’ കാണാന്‍ പോയത് ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണെന്നാണ് ചാനലിന്റെ ശകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി പറയുന്നതാണ് ചാനലിന്റെ റിപ്പോര്‍ട്ട്. രാത്രിയോടെ മോദി തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് രാഹുല്‍ സിനിമ കാണാന്‍ പോയതെന്ന് ചാനല്‍ പറയുന്നു.

രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവുവും രംഗത്തെത്തിയിട്ടുണ്ട്. അവധി ദിവസം പോലും എടുക്കാതെയാണ് പാവം മോദി 19 മണിക്കൂര്‍ ജോലി ചെയ്യുന്നതെന്ന് നരസിംഹറാവു പറഞ്ഞു. തിരഞ്ഞെടുപ്പ് ഇല്ലാത്തപ്പോള്‍ തന്റെ ജോലി ചെയ്യാന്‍ മോദി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ എങ്ങനെ നല്ല പാതയില്‍ എത്തിക്കാം എന്നു മാത്രമാണ് ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മോദി ചിന്തിക്കുന്നതെന്നും നരസിംഹറാവു പറഞ്ഞു. ഈ സമയത്ത് രാഹുല്‍ സിനിമ കണ്ടത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നൗവിന്റെ ‘കണ്ടുപിടിത്ത’ത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസം ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ