ന്യൂഡൽഹി: കേരളത്തെ പാക്കിസ്ഥാനുമായി ഉപമിച്ച വിവാദം മാപ്പപേക്ഷയില്‍ അടക്കിയശേഷം കേരളത്തിനെതിരായി വീണ്ടും ടൈംസ് നൗവിന്‍റെ വിദ്വേഷ പ്രചരണം.  ടൈംസ് നൗ ന്യൂസ് അവറിലാണ് കേരളത്തെ രൂക്ഷമായി ആക്ഷേപിച്ചിരിക്കുന്നത്. കേരളത്തിലെ ജില്ലയായ കാസര്‍ഗോഡ്‌ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് കേന്ദ്രമാണെന്നാണ് ടൈംസ് നൗ കേരളത്തിനെതിരായി ഉന്നയിക്കുന്ന പുതിയ വിദ്വേഷ ആരോപണം. രണ്ട് പരിപാടികളിലായാണ് ഈ​ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

അതിനു തങ്ങളുടെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്ന അവകാശവാദമാണ് ചാനൽ പറയുന്നത്.  കാസര്‍ഗോഡിലെ തുരുത്തിയിലെ ഗാസാ തെരുവ് തീവ്രവാദത്തിന്‍റെ കേന്ദ്രമാണെന്നും സംസ്ഥാന-ജില്ലാ സര്‍ക്കാരുകള്‍ ഗാസാ തെരുവിന് ഫണ്ട് ചെയ്യുന്നു എന്നും ചാനൽ ആരോപിക്കുന്നുണ്ട്. “ഗാസാ തെരുവ് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ എജിസി ബഷീര്‍ ആണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപാലിറ്റി എന്നിവര്‍ ഗാസാ തെരുവിനായി എട്ടു ലക്ഷം രൂപയും ഓവുചാലിന്‍റെ നിര്‍മാണത്തിനായി അഞ്ചുലക്ഷം രൂപയും നല്‍കി. പതിമൂന്ന് ലക്ഷം രൂപ നല്‍കികൊണ്ട് കേരളത്തിലെ സംസ്ഥാന- ജില്ലാ ഭരണകൂടങ്ങള്‍ ഗാസാ തെരുവിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ്.” എന്നാണു ടൈംസ് നൗ അവതാരക പറയുന്നത്.​​

മതം മാറ്റല്‍ ഫാക്ടറിയാണ് കേരളം, പ്രത്യേകിച്ച് കാസര്‍ഗോഡ്‌ എന്നാണു ടൈംസ് നൗവിന്‍റെ മറ്റൊരു ആരോപണം. ഓരോ വിഭാഗത്തിനെയും മതം മാറ്റാനായി റേറ്റ് കാര്‍ഡ് ഉണ്ടെന്നും ടൈംസ് നൗ പറയുന്നു. ഇതിനായുള്ള റേറ്റ് കാര്‍ഡും ടൈംസ് നൗ അവതാരക സ്ക്രീനില്‍ ഉയർത്തി കാണിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദു ബ്രാഹ്മണ പെണ്‍കുട്ടിയ്ക്ക് അഞ്ചു ലക്ഷം, ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയ്ക്ക് നാലര ലക്ഷം, ഹിന്ദു ഒബിസിക്ക് രണ്ടു ലക്ഷം, ജൈനപെണ്‍കുട്ടിക്ക് മൂന്ന് ലക്ഷം എന്നീ നിരക്കിലാണ് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നത്’ എന്ന് എണ്ണിയെണ്ണി പറയുന്നുണ്ട് ടൈംസ് നൗ. ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് എങ്കിലും ഇതറിയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അത്തരത്തിലുള്ള ഒരു കേസ് പോലും കേന്ദ്ര സുരക്ഷാ ഏജന്‍സിക്ക് കൈമാറിയിട്ടില്ലെന്നും ടൈംസ് നൗ പറയുന്നു.

“ഗാസാതെരുവുകള്‍ പോലുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് ഫണ്ട് ചെയ്യുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. നടപടിയൊന്നും എടുക്കുന്നില്ല എന്നു മാത്രമല്ല രാജ്യവുമായി ഒളിച്ചുകളി നടത്തുകയാണ് കേരളം. സംസ്ഥാനസര്‍ക്കാരിന്‍റെ മൂക്കിനു താഴെയാണ് ഇതൊക്കെ നടക്കുന്നതെന്നും പറയുന്ന ടൈംസ് നൗ ‘കേരളത്തിലെ അധികാരികള്‍ അന്ധരാണോ?’ എന്നും ചോദിക്കുന്നു.

ഈ കാമ്പൈന്‍ പിന്‍പറ്റികൊണ്ട് #CaliphateConvertsHindus എന്ന ടൈംസ് നൗ ക്യാംപെയിനും ട്വിറ്ററില്‍ നടക്കുന്നുണ്ട്. അതിനിടയില്‍
മറ്റൊരു ചര്‍ച്ചയില്‍ ഹിന്ദുയുവാക്കളെ ട്യൂഷന്‍ ക്ലാസുകളിലും കോച്ചിംഗ് ക്ലാസുകളിലും വച്ച് മതപരിവര്‍ത്തനത്തിനു വിദേയമാക്കുന്നു എന്നും ടൈംസ് നൗ പറയുന്നു. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫായ രാഹുല്‍ ശിവശങ്കര്‍ തന്നെ നയിക്കുന്ന രണ്ടാമത്തെ ചര്‍ച്ചയിലും അതേ കാര്‍ഡ് തെളിവായി ഉപയോഗിച്ചുകൊണ്ടാണ് പ്രചരണം. ‘ഗാസ റോഡ്‌’ എന്ന സംഭവത്തെ ചേര്‍ത്തുവച്ചുകൊണ്ട് തന്നെയാണ് ഈ ചര്‍ച്ചയും കൊണ്ടുപോവുന്നത്. മുസ്ലീംങ്ങള്‍ മാത്രമല്ല ഹിന്ദുക്കളെയും മാത്രമല്ല ഹിന്ദുക്കളേയും ഐസിസ് ലക്ഷ്യം വെക്കുന്നു എന്ന് പറയുന്നുണ്ട് അവതാരകന്‍. ഗാസാ തെരുവില്‍ പോയ റിപ്പോര്‍ട്ടും ചെയ്യുന്നുണ്ട് ടൈംസ് നൗ. “ഈയടുത്താണ് തെരുവിനു ഗാസ എന്ന് പേരുനല്‍കിയത്. ഗാസ എന്നുപേരുള്ള റോഡിനും തെരുവിനും എങ്ങനെയാണ് ഭരണകൂടം ഫണ്ട് നല്‍കിയത്” എന്നാണു റിപ്പോര്‍ട്ടര്‍ ചോദിക്കുന്നത്.

ടൈംസ് നൗ തെളിവായി ഉപയോഗിക്കുന്ന കാര്‍ഡ്

അതിനിടയില്‍, ടൈംസ് നൗവിന്‍റെ പ്രചരണത്തിനു തെളിവായി ഉപയോഗിക്കുന്ന കാര്‍ഡ് വ്യാജമാണ് എന്നതിനു തെളിവുകള്‍ നിരത്തികൊണ്ട് ആള്‍ട്ട്ന്യൂസ് രംഗത്തുവന്നിട്ടുണ്ട്. ഏഴു വര്ഷം മുമ്പ് വാട്ട്സാപ്പിൽ പ്രചരിച്ച ഫോട്ടോഷോപ്പ് ചിത്രമാണ് ടൈംസ് നൗ കേരളത്തിനെ ഐസിസ് വിളനിലമാക്കാന്‍ തെളിവായി ഉപയോഗിച്ചിരിക്കുന്നത്. 2016ല്‍ “ലൗ ജിഹാദ് വരുന്നത് പ്രൈസ് ടാഗോടെ അഹമദാബാദ് മിറര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു . സീ ന്യൂസ്, വണ്‍ ഇന്ത്യ, ദൈനിക്‌ ഭാസ്കര്‍, ഇന്ത്യാ.കോം, സഹാറാ സമയ് എന്നീ വെബ്സൈറ്റുകളും ഇതേ വാര്‍ത്ത പലപ്പോഴായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഹിന്ദുത്വ.ഇന്‍ഫോ, ജാഗരൂക് ഭാരത്‌, ഹിന്ദു എക്സിസ്റ്റന്‍സ് എന്നീ വ്യാജ വാര്‍ത്താചാനലുകളും ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. 2010ല്‍ ശിവസേനയുടെ മുഖപത്രമായ സാമ്‌നയാണ് ഈ കാര്‍ഡ് വച്ചുള്ള വാര്‍ത്ത ആദ്യമായി കൊടുക്കുന്നത്. 2010 ഫെബ്രുവരി 5നു ‘സിഖ് ആന്‍റ് ഇസ്ലാം’ എന്ന ബ്ലോഗിലാണ് ഈ കാര്‍ഡ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.. “in the name of allah..most merciful, most benificiary“ എന്നാണു കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ശരിക്കുള്ള വാചകം “In the Name of Allah, the Most Beneficent, the Most Merciful“ എന്നാണു. ഒരു ഇസ്ലാമിക സംഘടനയുടെ ലഘുരേഖയില്‍ അത്തരത്തില്‍ ഒരു തെറ്റ് ഒരിക്കലും സംഭവിക്കില്ല. മറ്റൊരു തെളിവ് ചിത്രത്തിലുള്ള ഹൃദയത്തിന്‍റെ ചിത്രമാണ്. ലെബനനിലെ പ്രമുഖ തീവ്ര ഷിയാ സംഘടനയുടെ കൊടിയാണ് ഇത്. സുന്നിപക്ഷക്കാരായ ഐസിസ് ഒരിക്കലും ആ കൊടി പ്രചരണത്തിനുപയോഗിക്കില്ലെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു,

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ