ടൈം മാസികയുടെ 2017ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍  മീ റ്റു കാമ്പൈന് പിന്നില്‍ പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്ക്. ഈ വര്‍ഷം ഒക്ടോബറിലാണ് ലോകമെമ്പാടെ ലൈംഗിക ചൂഷണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ മുന്നോട്ടുവരികയും തങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്ന് തുറന്നുപറയുകയും ചെയ്ത ഇന്റര്‍നെറ്റ് കാമ്പൈന്‍ ആരംഭിക്കുന്നത്. ‘സൈലന്‍സ് ബ്രേക്കേഴ്സിന്’ എന്ന് പറഞ്ഞുകൊണ്ടാണ് ടൈമിന്‍റെ തിരഞ്ഞെടുപ്പ്.

ഹോളിവുഡിലെ നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ആരോപിക്കപ്പെട്ട ലൈംഗിക പീഡനം ക്രമേണ നിശബ്ദതകളെയില്ലാതാക്കുകയായിരുന്നു. തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണത്തിനിരയാകുകയും അത് വിളിച്ചുപറയുകയും ചെയ്ത സ്ത്രീകളെയോട്ടാകെയാണ് ഈ തിരഞ്ഞെടുപ്പ് വഴി ടൈം മാഗസിന്‍ ആദരിക്കുന്നത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ചൂഷണം വിളിച്ചുപറഞ്ഞുകൊണ്ടുള്ള കാമ്പൈന്‍ ഇന്റര്‍നെറ്റ് വഴി ലോകമെമ്പാടും അലയടിച്ചു. ടൈം മാസികയുടെ ഈ ലക്കത്തെ മുഖചിത്രമായി ഇടംപിടിച്ചിരിക്കുന്നത് ഈ കാമ്പൈനില്‍ ഉറച്ച ശബ്ദങ്ങളായ ചില സ്ത്രീകളാണ്. നടിയായ ആഷ്ലി ജൂഡ്, ഗായിക, ടെയിലര്‍ സ്വിഫ്റ്റ്, മുന്‍ ഊബാര്‍ ഡ്രൈവറായ സൂസന്‍ ഫൗളര്‍, മുഖം കാണിക്കാത്ത ഒരു സ്ത്രീ എന്നിവരാണ് മുഖചിത്രമായത്.

വെയിന്‍സ്റ്റീന് പുറമേ അഭിനേതാവായ കെവിന്‍ സ്പേസി, മാധ്യമപ്രവര്‍ത്തകന്‍ ശാര്‍ലി റോസ്, കോമേഡിയന്‍ ലൂയിസ് സികെ തുടങ്ങിയ ഒട്ടേറെ പ്രമുഖരിലേക്കും ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നീണ്ടു. ഇംഗ്ലീഷില്‍ തുടങ്ങിയ #Metoo കാമ്പൈന്‍ പിന്നീട് ഒട്ടേറെ ഭാഷകളിലും അതേ അര്‍ത്ഥത്തിലുള്ള കാമ്പൈനായി വ്യാപിക്കുകയുമുണ്ടായി. ലൈംഗിക ചൂഷണത്തോട് വെച്ചുപുലര്‍ത്തുന്ന നിശബ്ദതയെ തച്ചുടച്ച കാമ്പൈനിന്‍റെ തീവ്രതയും സാന്ദ്രതയുമാണ്‌ അതിനെ 2017ലെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ