ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഭിന്നിപ്പിന്റെ തലവനെന്ന തലക്കെട്ടില്‍ ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിനെതിരെ ബിജെപി രംഗത്ത്. പാക്കിസ്ഥാന്റെ അജണ്ട പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകന്‍ മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ലേഖനം എഴുതിയതെന്ന് ബിജെപി ആരോപിച്ചു. എഴുത്തുകാരന്‍ ‘പാക്കിസ്ഥാനി’ ആണെന്നും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷക്കാനില്ലെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ലേഖനം റീട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരേയും അദ്ദേഹം രംഗത്തെത്തി.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ തവ്ലീൻ സിങ്ങിന്റേയും ലഹോർ ഗവർണ്ണറും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. 2014ലും മോദിയെ വിമര്‍ശിച്ച് പല വിദേശ മാഗസിനുകളും ലേഖനം എഴുതിയതായും പത്ര പറഞ്ഞു. മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്കാണ് പോകുന്നതെന്നും പത്ര കൂട്ടിച്ചേര്‍ത്തു.
Also Read: നരേന്ദ്ര മോദി ഇന്ത്യയുടെ വിഭജന നായകനെന്ന് ‘ടൈം’ മാഗസിന്‍’
മോദിക്കെതിരെ ലേഖനം എഴുതിയ ആതിഷിന് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ആതിഷിനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നത്. വിക്കിപീഡിയ പേജില്‍ ആതിഷ് കോണ്ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്നാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തത്.
‘അപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണ്. ടൈം മാഗസിന്‍റെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. അവര്‍ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല’- ആതിഷിനെതിരെ ബി.ജെ.പി അനുഭാവിയായ ശശാങ്ക് സിങ് എന്നയാളുടെ ട്വീറ്റാണിത്. സംഘപരിവാര്‍ അനുകൂല നിലപാടുള്ള നിരവധി പേര്‍ ഇതിനകം ഇത് റീട്വീറ്റ് ചെയ്തുകഴിഞ്ഞു.
അതേസമയം ആതിഷിന്റെ വിക്കിപീഡിയ പേജ് നിരവധി തവണ എഡിറ്റ് ചെയ്യപ്പെട്ടത്. ആതിഷ് കോണ്ഗ്രസിന്റെ പി.ആര്‍ മാനേജരാണെന്ന് വ്യാജപ്രചാരണം നടത്തി ടൈം മാഗസിനിലെ ലേഖനത്തിന് വിശ്വാസ്യതയില്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. പശുവിന്‍റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഢനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിക്കുന്നുണ്ട്.