കഴിഞ്ഞ നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനി അമൃത് കൗറും. 1947-ലെ വനിതയായി കൗറിനേയും 1976-ലെ വനിതയായി ഇന്ദിരയെയും ടൈം പ്രഖ്യാപിച്ചു.

‘1976-ല്‍ ഇന്ത്യയുടെ ചക്രവര്‍ത്തിനി ഇന്ത്യയുടെ മഹതിയായ സേച്ഛാധിപതിയായി’യെന്ന് ടൈം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പുത്രിയായ ഇന്ദിര കരിസ്മാറ്റിക്ക് ആയിരുന്നത് പോലെ തന്നെ ക്രൂരയായിരുന്നുവെന്നും ടൈംസ് പറയുന്നു. കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെ ജനകീയ പ്രക്ഷോഭം കാരണം അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Read Also: താടി വളർത്തി ഒമർ അബ്‌ദുല്ല; സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങൾ

1918-ല്‍ ഓക്‌സ്ഫഡിലെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ യുവ രാജകുമാരി ഗാന്ധിജിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായി. കപൂര്‍ത്തലയിലെ രാജകുടുംബാംഗമായ കൗര്‍ കൊളോണിയല്‍ അടിമത്വത്തില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കാനും സാമൂഹിക അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ജീവിതം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വോട്ട് ചെയ്യാനുള്ള അവകാശത്തിനും വിവാഹ മോചനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അവര്‍ ശൈശവ വിവാഹത്തിനെതിരേയും ശബ്ദമുയര്‍ത്തിയെന്ന് ടൈം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ആദ്യ ആരോഗ്യ മന്ത്രിയായ അവര്‍ മന്ത്രിസഭയിലെത്തുന്ന ആദ്യ വനിതയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook