/indian-express-malayalam/media/media_files/uploads/2017/09/smriti-irani.jpg)
ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. വ്യാഴാഴ്ച നടന്ന പതിനഞ്ചാമത് ഏഷ്യന്‍ മാധ്യമ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ മാധ്യമ വ്യവസായത്തില്‍ വന്‍കിടക്കാരുടെ ആധിപത്യം ഇല്ലാതാക്കാനാണ് നിയമനിര്‍മാണമെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.
വരുന്ന മൂന്ന് വര്‍ഷത്തില്‍ 969 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി "ഡിജിറ്റല്‍ മാധ്യമ വ്യവസായത്തില്‍ സന്തുലിതമായ അവസ്ഥ കൊണ്ടുവരണം എങ്കില്‍ നിയമവും ചട്ടങ്ങളും രൂപീകരിക്കേണ്ടതായ സമയം ഇതാണ്" എന്നും കൂട്ടിച്ചേര്‍ത്തു.
പരിണമിച്ചുകൊണ്ടിരിക്കുന്നതായ സാങ്കേതിക വിദ്യകളെ നമ്മള്‍ സംശയത്തോടെ നോക്കാറുണ്ടോ എന്ന് ചോദിച്ച സ്‌മൃതി ഇറാനി " അല്ലെങ്കില്‍ പുതിയൊരു അവസരമായും ഏകീകരിക്കേണ്ടതും കൂടുതല്‍ വിപുലീകരിക്കപ്പെടേണ്ടതുമായ ഇടമായാണോ നോക്കി കാണുന്നത് " എന്നും ആരാഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടെ ഏപ്രില്‍ 4-ാം തീയതി മന്ത്രാലയം ഒരു പാനല്‍ രൂപീകരിച്ചിരുന്നു. "പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ രീതിയിലുള്ള പരിധികളും ചട്ടങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഏര്‍പ്പെടുത്തേണ്ടതുണ്ട്" എന്നാണ് മന്ത്രാലയം നല്‍കിയ വിശദീകരണം.
സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലെ പരിപാടികള്‍ക്ക് അതിന്റേതായ ചട്ടങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രിന്റ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്ക് കീഴിലാണ്. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒന്നും ഇല്ല എന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലെ നിരീക്ഷണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.