ന്യൂഡൽഹി: ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനവുമായി ബന്ധപ്പെട്ട ഹർജി തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദേശം. എപ്രിൽ 24ന് കേൾക്കുന്ന ഹർജിയിൽ തീരുമാനമായില്ലായെങ്കിൽ നിരോധനം അസാധുവാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് മദ്രാസ് ഹൈക്കോടതിയ്ക്ക് നിർദേശം നൽകിയത്.

Also Read: തിരിച്ചു വരാനാകും എന്ന് പ്രത്യാശിക്കുന്നു: ടിക് ടോക്

നേരത്തെ ടിക് ടോക്കിന് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക് ടോക് ആപ്പ് മൊബൈൽ പ്ലേ സ്റ്റോറുകളിൽ നിക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ടിക് ടോക് അധികൃതർ സുപ്രീം കോടതിയെ സമീപിച്ചത്.

ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി നിരോധനം വരുന്നതിന് മുമ്പ് തന്നെ ലക്ഷകണക്കിന് ഡൗൺലോഡ് ആപ്ലിക്കേഷന് ഉണ്ടായിരുന്നതായി കോടതിയെ ബോധിപ്പിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

Also Read: ഇന്ത്യയിൽ ടിക് ടോക് നേരിടുന്ന പ്രശ്നമെന്ത്?

ഏപ്രിൽ മൂന്നിനാണ് ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചത്. ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് എസ്.എസ് സുന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ടിക് ടോക് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നു, ഇന്ത്യന്‍ സംസ്‌കാരം നശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ചൈനയില്‍ നിര്‍മ്മിതമായ ടിക് ടോക് ആപ്പില്‍ 104 മില്യണില്‍ അധികം ഇന്ത്യന്‍ ഉപയോക്താക്കളാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook