ലക്നൗ: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ പെൺകടുവയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. വടികളും ആയുധങ്ങളും ഉപയോഗിച്ച് കടുവയെ ആക്രമിക്കുന്ന രണ്ടു മിനറ്റ് ദൈർഘ്യമുളള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗ്രാമവാസിയായ ഒരാളെ കുവ ആക്രമിച്ചതിനാലാണ് ഗ്രാമവാസികൾ ചേർന്ന് അതിനെ തല്ലിക്കൊന്നതെന്നാണ് വിവരം.
അഞ്ചു വയസ് പ്രായമുളള പെൺകടുവയാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായി ചത്തത്. ആക്രമണത്തിൽ അതിന്റെ വാരിയെല്ലുകൾ പൊട്ടുകയും ദേഹമാസകലം മുറിവുകൾ ഏൽക്കുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രാദേശിക വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ 31 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
”മൂർച്ചയേറിയ ആയുധം കൊണ്ടുളള മുറിവുകൾ അവളുടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. അവളുടെ വാരിയെല്ലുകളും പൊട്ടിയിരുന്നു,” പിലിഭിത് കടുവ സംരക്ഷണ കേന്ദ്രം ഡയറക്ടർ എച്ച്.രാജമോഹൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
സംഭവം അറിഞ്ഞതും വനം വകുപ്പ് സംഘം സ്ഥലത്തെത്തിയെന്നും എന്നാൽ രോഷാകുലരായ നാട്ടുകാർ ഈറ്റപ്പുലിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും അങ്ങനെയാണ് ചത്തതെന്നും ചില റിപ്പോർട്ടുകളുണ്ട്.