scorecardresearch
Latest News

‘അവ്നിയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടി’; ബിജെപി സര്‍ക്കാരിനെതിരെ രാജ് താക്കറെ

അനില്‍ അംബാനിയുടെ പുതിയ പദ്ധതി പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്ന് താക്കറെ

‘അവ്നിയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടി’; ബിജെപി സര്‍ക്കാരിനെതിരെ രാജ് താക്കറെ

മുംബൈ: അവ്നി എന്ന കടുവയെ വെടിവെച്ച് കൊന്ന സംഭവം വിവാദമായിരിക്കെ കൂടുതല്‍ ആരോപണവുമായി മഹാരാഷ്ട്ര നവ്‍നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ രംഗത്ത്. വ്യവസായിയായ അനില്‍ അംബാനിയുടെ പുതിയ പദ്ധതി പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്നും പദ്ധതി നടത്തിപ്പിനായി അവ്നിയെ കൊല്ലാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂട്ടുനിന്നെന്നും താക്കറെ ആരോപിച്ചു. എന്നാല്‍ യവത്മലില്‍ തങ്ങള്‍ക്ക് അങ്ങനെയൊരു പുതിയ പദ്ധതി ഇല്ലെന്ന് റിലയന്‍സ് പ്രതികരിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി പദ്ധതി തുടങ്ങുന്നുണ്ടെന്ന് ജില്ലാ അധികാരികള്‍ വ്യക്തമാക്കുന്നുണ്ട്.

കടുവ കൊല്ലപ്പെട്ടതിനും റിലയന്‍സിന്റെ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികള്‍ പറയുന്നുണ്ട്. ‘അനില്‍ അംബാനിയുടെ പ്രൊജക്ടിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അവ്നിയെ കൊലപ്പെടുത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ മനഃസ്സാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണ്,’ താക്കറെ പറഞ്ഞു. ‘ആളുകളെ കടുവ കൊന്നിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. പക്ഷെ ലോകത്ത് എല്ലായിടത്തും അത് നടക്കുന്നുണ്ട്. കാടുകള്‍ മനുഷ്യര്‍ കൈയ്യേറുമ്പോഴാണ് മൃഗങ്ങള്‍ ആക്രമിക്കുന്നത്. അതിന് കടുവയെ കൊല്ലേണ്ട കാര്യമില്ലായിരുന്നു. അതിനെ മയക്കി കിടത്തി കൊണ്ടുപോകാമായിരുന്നു. വനംവകുപ്പ് മന്ത്രി തന്റെ മന്ത്രിസ്ഥാനം അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്,’ താക്കറെ പറഞ്ഞു.

13 പേരെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞാണ് കഴിഞ്ഞയാഴ്ച അവ്‌നിയെ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വച്ച് കടുവയെ വെടിവച്ച് കൊന്നത്. തിപേശ്വര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായിരുന്നു അവ്‌നിയുടെ വിഹാര കേന്ദ്രം. മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിലാണ് ഈ വനമേഖല. കര്‍ഷകരാണ് ഈ മേഖലയില്‍ ജീവിക്കുന്നവരില്‍ ഭൂരിഭാഗവും. ടി1 എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെടുന്ന അവ്‌നിയുടെ ആക്രമണത്തില്‍ പതിമൂന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. 2012 ലാണ് അവ്‌നിയെ മേഖലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ഗ്രാമീണര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കടുവയ്ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍, ആനകള്‍, ലോകപ്രശസ്തരായ കടുവപിടുത്തക്കാര്‍, അവരെ സഹായിക്കാന്‍ 150 ഓളം ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ഗ്ലൈഡറുകള്‍ തുടങ്ങി സാങ്കേതിക വിദ്യകളുടെ നീണ്ട നിര തന്നെ കടുവയെ പിടികൂടുന്നതിനായി ഉണ്ടായിരുന്നു.

എന്നാല്‍, അവ്‌നിയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടിയാല്‍ മതിയെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി മൃഗസ്‌നേഹികളും രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് 9000 പേര്‍ ഒപ്പിട്ട ഹർജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഏറെ ശ്രമിച്ചിട്ടും കടുവയെ ജീവനോടെ പിടികൂടാനായില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് അവ്‌നിയെ കാണുന്ന മാത്രയില്‍ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. അവ്നി കൊല്ലപ്പെട്ടതോടെ പത്തുമാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ അനാഥരായി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tigress avni was killed to save anil ambanis project raj thackeray