ജയ്പൂര്‍: സല്‍മാന്‍ ഖാന്‍-കത്രീന കെയ്ഫ് താരജോഡികളുടെ ടൈഗര്‍ സിന്താ ഹെയ്ക്ക് എതിരെ വ്യാപക പ്രതിഷേധം. വാത്മീകി സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് രാജസ്ഥാനിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. രാജസ്ഥാനില്‍ തിയേറ്റര്‍ അടിച്ചു തകര്‍ത്ത 40 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തിയേറ്ററിന് പുറത്ത് സല്‍മാന്‍ ഖാന്റെയും ശില്‍പ ഷെട്ടിയുടെയും കോലം കത്തിച്ചു.

അങ്കൂര്‍, പരാസ്, രാജ് മന്ദിര്‍ എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറി സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തു. കോട്ടയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ആകാശ് മാളിലെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. സല്‍മാന്‍ ഖാനും ശിൽപ ഷെട്ടിയും ചിത്രത്തിന്റെ പ്രമോഷനിടെ ഉപയോഗിച്ച ഒരു വാക്കാണ് വാത്മികി സമുദായക്കാരെ ചൊടിപ്പിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഭാങ്ങി എന്ന വാക്ക് പ്രയോഗിച്ചതാണ് വിവാദമായത്.

സല്‍മാന്‍ ഖാനും ശിൽപ ഷെട്ടിയും മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിക്കില്ലെന്നും സാമൂഹ്യപ്രവര്‍ത്തകനായ ജിതേന്ദ്ര ഹത്വാല്‍ വാത്മീകി പറഞ്ഞു. അതേസമയം, സല്‍മാന്‍ ഖാനും ശിൽപ ഷെട്ടിയും പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിച്ചെന്ന പരാതിയില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ പൊലീസിനോടും പ്രക്ഷേപണ മന്ത്രാലയത്തോടും വിശദീകരണം ആവശ്യപ്പെട്ടു.

തന്റെ ഡാന്‍സിനെ കുറിച്ച് പറയാനാണ് സല്‍മാന്‍ ഭാങ്ങി എന്ന വാക്ക് ഉപയോഗിച്ചത്. വീട്ടില്‍ താന്‍ എങ്ങനെയാണെന്ന് സൂചിപ്പിക്കാന്‍ ശിൽപ ഷെട്ടിയും ഈ വാക്ക് ഉപയോഗിച്ചിരുന്നു. സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്കെതിരെ കൊലവിളി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധങ്ങളും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ