ന്യൂഡല്‍ഹി: രാജ്യത്തെ വനങ്ങളിലെ കടുവകള്‍ വര്‍ധിച്ചുവെന്ന കണ്ടെത്തലില്‍ പലതും ‘കടലാസ് പുലി’കള്‍. ദേശീയ കടുവാ സര്‍വേയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണു പുതിയ വിവരം. സർവേയിൽ കണ്ടെത്തിയ കടുവകളിൽ ഏഴിൽ ഒന്ന് വീതം ‘കടലാസ് പുലി’കളാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.

രാജ്യത്ത് 2,226 കടുവകളുണ്ടായിരുന്നതായിട്ടാണ് 2015ലെ സര്‍വേയില്‍ കണ്ടെത്തല്‍. 1,635 എണ്ണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കൃത്യമായ പരിപാലനവും സംരക്ഷണവും നല്‍കുന്നതിലൂടെ കഴിഞ്ഞ 15 വർഷമായി രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന കാര്യം വസ്തുതയാണ്. ഈ വര്‍ഷം ജൂലൈ 29നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കടുവാ സര്‍വേയില്‍ രാജ്യത്ത് 2,967 കടുവകളുണ്ടെന്നാണു കണ്ടെത്തല്‍. ഇതിന്റെ 83 ശതമാനമായ 2,462 എണ്ണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ഇതുപ്രകാരമാണു രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചതായി വിവരം പുറത്തുവന്നത്.

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വന്യജീവി ഇൻസ്‌റ്റിറ്റ്യൂട്ടും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും ചേർന്നാണ് രാജ്യത്തെ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. വന്യജീവികളുടെ എണ്ണം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, ഈ ”കടുവ ഫോട്ടോകളില്‍” 221 എണ്ണം കണക്കാക്കാന്‍ പാടില്ല. ഇതില്‍ 16 ശതമാനം അധികമായി റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കുന്നു. അതായത്, വിവര പ്രകാരമുള്ള ഓരോ ഏഴ് കടുവകളിലും ഒരെണ്ണം പേപ്പര്‍ കടുവയാണ്. ഒരേ കടുവയുടെ തന്നെ 51 ചിത്രം വ്യത്യസ്ത കടുവകളായി പരിഗണിച്ചിട്ടുണ്ട്.

രേഖകളിൽ കടുവകളുടെ എണ്ണം ഉയര്‍ന്നെങ്കിലും ഏഴില്‍ ഒന്നിന്റെ വീതം ചിത്രങ്ങൾ, രണ്ടുതവണ എടുത്തിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മൂന്നു തവണ വരെ ഫോട്ടോ എടുത്തിട്ടുണ്ട്; ഫോട്ടോകള്‍ ആവര്‍ത്തിക്കുന്നെങ്കിലും ഡാറ്റാ സെറ്റില്‍ വ്യത്യസ്ത കടുവകളായാണ് വിവരം നൽകിയിരിക്കുന്നത്.

മരണ നിരക്ക് വളരെ കൂടുതലായതിനാല്‍ വന്യജീവി സര്‍വേകള്‍ വളരെ ചെറിയ കടുവകളുടെ എണ്ണം അവഗണിക്കാറാണ് പതിവ്. ഔദ്യോഗികമായി കടുവകളുടെ എണ്ണം കണക്കാക്കുന്നതിനുള്ള പ്രായം 12-18 മാസമാണ്. ഈ അളവുകോല്‍ പ്രകാരം, ഇന്ത്യന്‍ എക്‌സ്പ്രസ് 12 മാസത്തില്‍ താഴെയുള്ള കടുവകളുടെ ഫോട്ടോകള്‍ ഒഴിവാക്കുന്നു. 46 എണ്ണത്തെയാണ് ഒഴിവാക്കിയത്.

കാടുകളിലെ മരങ്ങളിൽ ഘടിപ്പിച്ച ക്യാമറ സ്ട്രാപ്പുകൾ വഴിയാണ് കടുവകളുടെ ചിത്രങ്ങൾ പകർത്തുന്നത്. ഇതിൽ അതാത് കാടുകളിൽ താമസിക്കുന്ന കടുവകളും മറ്റുളള ഇടങ്ങളിൽ നിന്ന് വന്നു പോകുന്നവയും ഉണ്ടാകാം. ഓരോ കടുവയുടേയും ശരീരത്തിലെ വരകൾ വ്യത്യസ്തമായിരിക്കും. ക്യാമറ സ്ട്രാപ്പുകളിൽ പതിയുന്ന ചിത്രങ്ങളിലെ കടുവകളുടെ ശരീരത്തിലെ വരകൾ വിലയിരുത്തിയാണ് കടുവകളുടെ എണ്ണം നിശ്ചയിക്കുന്നത്.

Read More in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook