ന്യൂഡൽഹി: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി. പത്ത് വർഷം മുമ്പ് ബിസിനസ് ആവശ്യത്തിനായി നൽകിയ ചെക്ക് സംബന്ധിച്ചാണ് കേസ്.

അതേസമയം, തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നുണ്ട്. അടുത്ത രണ്ടു ദിവസങ്ങൾ യുഎഇയിൽ അവധി ദിനമാണ്. ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.

Also Read: ചെക്ക് കേസിൽ അറസ്റ്റ്: തുഷാറിനെ മനഃപൂർവ്വം കുടുക്കിയതെന്ന് വെള്ളാപ്പള്ളി നടേശൻ

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍

അജ്മാനില്‍ നേരത്തെ എസ്എൻഡിപി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തി. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നാണ് തുഷാറിന്റെ വാദം. യുഎഇയിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചെക്ക് കേസ് ആയതിനാല്‍ പാസ്‌പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍. എന്നാൽ വലിയ തുകയായതിനാൽ അത് സാധ്യമാകുമോയെന്ന സംശയവുമുണ്ട്.

Also Read: ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന്റെ തറവേലയെന്ന് തുഷാർ വെളളാപ്പളളി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട് മണ്ഡലത്തിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥിയായാണ് തുഷാർ വയനാട്ടിൽ നിന്ന് മത്സരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook