ന്യൂഡൽഹി: തിങ്കളാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഡൽഹിയിൽ വ്യാപക നാശം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ഡൽഹി നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. മരം വീണു വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
70 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയെ തുടർന്ന് ഡൽഹിയിലെ അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടായി. പുലർച്ചെ 5.40 മുതൽ രാവിലെ 7 വരെ 29 ഡിഗ്രി സെൽഷ്യസിൽ നിന്ന് 18 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
മഴ വിമാനസർവീസുകളെ ബാധിച്ചതായി ഡൽഹി വിമാനത്താവള അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ലക്നൗ, ജയ്പൂർ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടത്. വിമാനങ്ങളുടെ സമയമാറ്റത്തെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് വിമാന കമ്പനിയെ ബന്ധപ്പെടണമെന്ന് അധികൃതർ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസത്തെ അത്ര ശക്തമായ മഴയ്ക്ക് സാധ്യതയില്ല.