ചെന്നൈ: മുൻ മുഖ്യമന്ത്രിമാരും രണ്ട് ദ്രാവിഡ പാർട്ടികളുടേയും തലവന്മാരായ എം.കരുണാനിധിയും ജയലളിതയും തമ്മിലുള്ള കുടിപ്പകയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു തമിഴ് രാഷ്ട്രീയ സിനിമ പോലെ കൊണ്ടും കൊടുത്തും ഇരുവരും പാര്‍ട്ടി വളര്‍ത്തി. ബദ്ധവൈരികളായിരുന്ന കരുണാനിധിയും ജയലളിതയും പരസ്പരം ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതില്‍ ഏറ്റവും കടുപ്പമേറിയതായിരുന്നു 2001 ജൂണ്‍ 29ന് അര്‍ധരാത്രിയിലെ കരുണാനിധിയുടെ അറസ്റ്റ്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഴിമതിക്കേസില്‍ ജയലളിതയെ അറസ്റ്റ് ചെയ്തിരുന്നു. അതിനുള്ള പകരംവീട്ടലായിരുന്നു അറസ്റ്റ്. കരുണാനിധി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് ഒരു മാസത്തിനകമായിരുന്നു ഈ സംഭവം.

അഴിമതിക്കുറ്റം ചുമത്തി തന്നെ ജയിലിൽ അടച്ചപ്പോൾ ജയലളിത ഒരു പ്രതിജ്ഞ എടുത്തിരുന്നു. ‘ഞാൻ കഴിച്ച അതേ ജയിൽ പാത്രത്തിൽ നിന്ന് കരുണാനിധിയെ കൊണ്ടും ഭക്ഷണം കഴിപ്പിക്കും’ എന്നായിരുന്നു ആ പ്രതിജ്ഞ. അർദ്ധരാത്രി കരുണാനിധിയെ അറസ്റ്റ് ചെയ്യിച്ച് ജയലളിത പ്രതിജ്ഞ നിറവേറ്റി. ചെന്നൈ ഫ്‌ളൈഓവറുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 12 കോടിയുടെ അഴിമതി നടന്നെന്ന പരാതിയിലായിരുന്നു ജയലളിതയുടെ നടപടി.

പുലര്‍ച്ചെ ഒന്നോടെ കരുണാനിധിയുടെ വീട്ടിലെത്തിയ പൊലിസ് മുകള്‍ നിലയിലെ അദ്ദേഹത്തിന്റെ റൂമിലേക്ക് ഇരച്ചുകയറിയാണ് അറസ്റ്റ് ചെയ്തത്. ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ഉണര്‍ത്തി, ഞൊടിയിടയില്‍ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഈ രംഗങ്ങള്‍ ജയ ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

അദ്ദേഹത്തിന്റെ വീട്ടിലെ ടെലഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ച ശേഷമുള്ള ഈ നടപടി തീര്‍ത്തും ആസൂത്രിതമായിരുന്നു. രണ്ടു ദിവസത്തേക്കെങ്കിലും ജാമ്യം കിട്ടാതിരിക്കാന്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ് നടന്നത്. ഇതു തടയാന്‍ ശ്രമിച്ച അന്നു കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലി മാരന്‍, ടി.ആര്‍.ബാലു എന്നിവരും അറസ്റ്റിലായി. ഇത്തരത്തില്‍ കേന്ദ്രമന്ത്രിമാര്‍ അറസ്റ്റിലാകുന്നത് ആദ്യമായായിരുന്നു. പിന്നീട്, ഡിഎംകെ അധികാരത്തില്‍ വന്നതോടെ കരുണാനിധിക്കെതിരായ ഈ കേസ് പിന്‍വലിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook