ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുഡ്ഗാം ജില്ലയിലെ റുഡ്ബുഗ് വില്ലേജിൽ രാത്രി വൈകി നടന്ന ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മുതൽ കാണാതായെന്ന് റിപ്പോർട്ട് ലഭിച്ച രണ്ട് പേരും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്.

സിആർപിഎഫ്, ജമ്മു കാശ്മീർ പൊലീസ്, രാഷ്ട്രീയ റൈഫിൾ സേനാംഗങ്ങൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. വിഘടനവാദികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണം.

ബുഡ്ഗാം പൊലീസ് സൂപ്രണ്ട് ഈ ആക്രമണത്തെ കുറിച്ച് സ്ഥിരീകരിച്ചു. “വിഘടനവാദികൾ തമ്പടിച്ചിരിക്കുന്നുവെന്ന റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ഞങ്ങൾ ഈ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇവർ ഒളിച്ചിരുന്ന വീട് വളഞ്ഞ ശേഷം ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. തദ്ദേശീയരായ യുവാക്കളായിരുന്നു വീടിന് അകത്തുണ്ടായിരുന്നത്. ഇവർ മൂവരും സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയാണ് ചെയ്തത്. ഇതോടെയാണ് സൈന്യം വെടിവച്ചത്”, തേജീന്ദർ സിംഗ് വ്യക്തമാക്കി.

ജാവേദ് ഷെയ്ക് എന്നറിയപ്പെട്ടുന്ന തഫസുൽ ഇസ്ലാം, സജാദ് അഹമ്മദ്, അഖിബ് ഗുൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ബുഗ്ഡാം ജില്ലയിലെ ചൊർപുര വില്ലേജിൽ പൊലീസ് വാഹനം ആക്രമിച്ച് നശിപ്പിച്ച കേസിലെ പ്രതിയാണ് തഫസുൽ ഇസ്ലാം. ഈ കേസ് രജിസറ്റർ ചെയ്ത ഉടൻ തന്നെ ഇയാളെ കാണാതായിരുന്നു.

ഹൈദർപോര വില്ലേജ് നിവാസിയായിരുന്ന അഖിബ് മാർച്ചിലാണ് നാടുവിട്ടത്. ഇയാൾ ഭീകരർക്കൊപ്പം ചേർന്നതായി വിവരമില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ വിവരം. ഇയാളുടെ അച്ഛൻ സർക്കാർ ജീവനക്കാരനാണ്.

പൊലീസിന് നേരെ കല്ലെറിഞ്ഞ കേസിൽ അകപ്പെട്ടതിനെ തുടർന്നാണ് സജ്ജാദ് നാടുവിട്ടത്. ഹൈദർപോരയിൽ മൂവർക്കുമായി വ്യത്യസ്ത സംസ്കാര ചടങ്ങുകളാണ് നടന്നത്. ഈ ചടങ്ങിനെത്തിയവർ പൊലീസിന് നേർക്ക് കല്ലെറിഞ്ഞു.

സജ്ജാദിന്റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഫോട്ടോ ജേണലിസ്റ്റിനടക്കം പത്ത് പേർക്ക് പരിക്കേറ്റു. ഈ പ്രദേശങ്ങളിൽ ബ്രോഡ്ബാന്റ് സ്പീഡ് കുറച്ചു. മൊബൈൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി. നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ