പട്‌ന: വീടിനോട് ചേർന്നുളള കുഴൽക്കിണറിൽ 110 അടി താഴ്ചയിലേക്ക് വീണ മൂന്ന് വയസുകാരിയെ ജീവനോടെ പുറത്തെടുത്തു. കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ബിഹാറിലെ മുംഗർ ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഒന്നര ദിവസത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് പെൺകുട്ടിയെ രക്ഷിച്ചത്.

പട്‌നയിലെ ആശുപത്രിയിലാണ് പെൺകുട്ടി ഇപ്പോഴുളളത്. പെൺകുട്ടി വീണ കുഴൽക്കിണറിൽ നിന്ന് അൽപ്പം മാറി മറ്റൊരു വലിയ കുഴി കുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയും, ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ പെട്ട പെൺകുട്ടി, കൂടുതൽ താഴ്ചയിലേക്ക് വീഴാതിരിക്കാൻ കിണറ്റിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് തടസം സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ കുഴിയിലേക്ക് ഓക്സിജൻ ട്യൂബ് വഴി എത്തിച്ചു. പെൺകുട്ടിക്ക് ഭക്ഷണവും നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പെൺകുട്ടി അച്ഛനമ്മമാരുടെ വിളിയോട് പ്രതികരിച്ചതാണ് രക്ഷാ ശ്രമത്തിന് ഊർജ്ജം പകർന്നത്.

ഇന്നലെ രാത്രിയിലാണ് പെൺകുട്ടിയെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ പ്രാഥമിക ശുശ്രൂഷ നൽകി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. കുഴൽക്കിണറിൽ വീണ സമയത്തേറ്റ നിസാര പരുക്കുകൾ മാത്രമേ കുഞ്ഞിനുളളൂവെന്നാണ് ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook