ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ കൊളീജിയം സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരായി നിയമിക്കുന്നതിന് ഒന്‍പത് പേരുകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ചു സുപ്രീം കോടതി പ്രസ്താവന ഇറക്കി. പട്ടികയില്‍ മൂന്ന് വനിതാ ജഡ്ജിമാരുമുണ്ട്. അതില്‍ ഒരാള്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും.
ഓഗസ്റ്റ് 17 ന് ചേർന്ന യോഗത്തിൽ കൊളീജിയം വിവിധ ഹൈക്കോടതികളിലെ നാല് ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യമായാണ് കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്യുന്നത്. കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് മൂന്ന് പേര്‍. ജസ്റ്റിസ് നാഗരത്നയാണ് ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത.
ശ്രദ്ധേയമായ കാര്യം ജസ്റ്റിസ് റോഹിന്റൺ നരിമാൻ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. 2019 മാര്‍ച്ച് മുതല്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് നരിമാന്‍ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകിൽ കുറേഷി എന്നിവര്‍ ഒഴികെയുള്ള പേരുകളില്‍ സമവായം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവരേയുമാണ് ആദ്യം ശുപാര്‍ശ ചെയ്തത്.
ജസ്റ്റിസ് ഓക, ഗുജറാത്ത്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ വിക്രം നാഥ്, ജെ.കെ.മഹേശ്വരി എന്നിവരെയും കൊളീജിയം തിരഞ്ഞെടുത്തിട്ടുണ്ട്.
ജസ്റ്റിസ് ഓകയാണ് രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ജഡ്ജ്. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ബോംബെ ഹൈക്കോടതി ജഡ്ജായിരുന്ന അദ്ദേഹം അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. കോവിഡിനെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു.
ഗുജറാത്തില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായിരുന്നു. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലായിരുന്നു ഉത്തരവുകള്‍. ആശുപത്രി കിടക്കകളുടെ അഭാവവും മരുന്നുകളുടെ ലഭ്യതയും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള വിചാരണകള്‍ യൂട്യൂബില്‍ സ്ട്രീം ചെയ്തു.
ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് മഹേശ്വരിക്ക് കഴിഞ്ഞ ഡിസംബറിലാണ് സിക്കിമിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡി ആരോപിച്ചതിന് പിന്നാലെയായിരുന്നു നടപടി.
കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് സി.ടി.രവികുമാര്‍, മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജായ ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നവരാണ് സുപ്രീം കോടതിയിലേക്ക് പരിഗണിക്കുന്ന മറ്റുള്ളവര്‍.
ശുപാര്‍ശകള്‍ അംഗീകരിക്കുകയാണെങ്കില്‍ സുപ്രീം കോടതിയിലെ ഒഴിവുകള്‍ നികത്താം. ആകെ ജഡ്ജിമാരുടെ എണ്ണം 33 ആയും ഉയരും. ജസ്റ്റിസ് നവീന്‍ സിന്‍ഹ വിരമിക്കുന്നതിനാല്‍ ഒരു ഒഴിവ് കൂടി ഉണ്ടാകും.
Also Read: പെഗാസസ്: ഒന്നും മറച്ചു വയ്ക്കാനില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍