പുനെ: കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം. വാക്സിനേഷന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ, പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവിധ​ സംസ്ഥാനങ്ങളിലേക്ക് വാക്സിൻ കയറ്റി അയച്ചു തുടങ്ങി. കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ലോഡ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷം ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

Read More: Kerala Covid 19 Vaccination Centre List: കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക

ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സിൻ ഇന്നെത്തും. ട്രക്കുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാർഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക. ആദ്യ ലോഡ് എയർ ഇന്ത്യാ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗവും വാക്സിൻ കൊണ്ടു പോവും.

478 പെട്ടി വാക്സിനുകളാണ് ട്രക്കുകളിൽ ഉള്ളത്. ഓരോ ബോക്സിന്റെയും ഭാരം 32 കിലോയാണ്. രാവിലെ 10 മണിയോടെ ചരക്ക് അതാത് ഹബ്ബുകളിലേക്ക് അയയ്ക്കും.

Read More: സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 11 ദശലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ വാങ്ങുന്നതിന് നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം

വരും ദിവസങ്ങളിൽ മറ്റ് അഞ്ച് കണ്ടെയ്നറുകൾ ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കോവിഷീൽഡ് വാക്സിനുമായി പോകും.

ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 30 കോടി പേര്‍ക്ക്‌ വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

ആദ്യഘട്ടത്തിൽ വാക്സിൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സിനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook