ന്യൂഡല്‍ഹി: ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് മൂന്നുപേരെ മര്‍ദ്ദിച്ചവശരാക്കിയശേഷം പോലീസില്‍ ഏല്‍പ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഷാഹ്പൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിതിയിലുള്ള റാണി സാഗറില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലയില്‍ നിന്നാണ് ബീഫ് ലഭിച്ചത് എന്ന് ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് കുമാര്‍ പറഞ്ഞു. നിയമവിരുദ്ധമായ അറവുശാലയില്‍ നിന്നും പിടിച്ചെടുത്തതിനാല്‍ ഇറച്ചി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ട്രക്ക് പിടിച്ചെടുക്കുകയും ചെയ്തു.

അതേസമയം, അനധികൃത അറവുശാല പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ എന്‍എച്ച് 84ല്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ചു പ്രതിഷേധിച്ചു. ഷാഹ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഒഫീസര്‍ക്കെതിരെ നടപടിയെടുക്കാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മൂന്നുപേരെ ജനങ്ങള്‍ മര്‍ദ്ദിച്ചവശരാക്കിയ സംഭവത്തോട് സിപിഎം പ്രതികരിക്കുകയുണ്ടായി ”  ” ബിജെപി സംസ്ഥാനത്ത് അധികാരം നേടിയതിന്റെ പ്രതിഫലനം കണ്ടു തുടങ്ങിയിരിക്കുന്നു. നിതീഷ്കുമാറിനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തികൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നടപ്പില്‍ വരുത്തുകയാണ്  ബിജെപി. ” ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
“ബിജെപി അധികാരത്തില്‍ വന്നതോടെ ആള്‍ക്കൂട്ട അനീതിയും അക്രമങ്ങളും ബിഹാറിലേക്കും പടര്‍ന്നിരിക്കുന്നു” എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ