ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതില്‍ മനം നൊന്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഇന്നലെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്നത്.

ന്യൂഡല്‍ഹിയിലെ കക്രോലയില്‍ 17കാരനായ രോഹിത് കുമാര്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനം നൊന്ത് തൂങ്ങി മരിക്കുകയായിരുന്നു. എംആര്‍ വിവേകാനന്ദ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച രോഹിത്. പരീക്ഷയില്‍ 59 ശതമാനം മാത്രമേ രോഹിത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം തടയാന്‍ സാധിച്ചില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. വസന്ത് കുഞ്ചിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും മാര്‍ക്കു കുറഞ്ഞതോടെ ആത്മഹത്യ ചെയ്തു. 70 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനിയ്ക്ക് സയന്‍സ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ഓപ്പണ്‍ ലേണിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച മൂന്നാമത്തെയാള്‍. കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങുകയായിരുന്നു. ദാബ്രിയിലെ വീട്ടില്‍ വച്ചു തന്നെയായിരുന്നു ആത്മഹത്യ. സയന്‍സിലും കണക്കിലും തോറ്റതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ