പട്‌ന: ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലെ മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള ആശ്രമത്തലവനുള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

2017 ഡിസംബര്‍ 12ന് രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. ആശ്രമത്തില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 50 പേരായിരുന്നു ഉണ്ടായിരുന്നത്. മൂന്നു സന്യാസിനിമാരും അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെയാണ് കല്‍പാന്ത് ചൗധരിയെന്നയാള്‍ വന്ന് വാതിലില്‍ തട്ടിയത്. ഇയാളും മറ്റുള്ളവരും ചേര്‍ന്ന് മുന്നു സന്യാസിനിമാരേയും വലിച്ചുകൊണ്ടു പോകുകയായിരുന്നു.

ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് നാലുപേരും ചേര്‍ന്ന് സന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ജില്ലാ എസ്‌പി വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സന്യാസിനിമാരെയും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയ്ഡ് നടത്തി പൊലീസ് ആശ്രമം പൂട്ടിച്ചു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ തപസ്യാനന്ദിനെതിരേ മുമ്പും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തിലെത്തുകയായിരുന്നു. ജനുവരി ഒന്‍പതിന് പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്‌പി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ