/indian-express-malayalam/media/media_files/2025/09/24/cong-flag-2025-09-24-17-02-51.jpg)
Bihar Election Results 2025
Bihar Election Results 2025: പട്‌ന: വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ തികഞ്ഞ പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. എക്‌സിറ്റ് പോൾ ഫലങ്ങൾ ചെറിയൊരു ആശങ്ക ഉയർത്തിയെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റ് നിലയിൽ നിന്ന് ഒട്ടും താഴേക്ക് പോകില്ലെന്നായിരുന്നു കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് പ്രവർത്തകർ പാർട്ടിയുടെ ദയനീയ പ്രകടനം തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച പാർട്ടി ഇക്കുറി കേവലം നാല് സീറ്റുകളിൽ ഒതുങ്ങുന്ന ദയനീയ കാഴ്ചയാണ് വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിൽ കാണാൻ കഴിയുന്നത്.
ചർച്ചയാകാതെ വോട്ടുചോരി
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള വോട്ടുചോരി ഉൾപ്പടെയുള്ള പ്രചാരണങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോയെന്ന് ആശങ്ക ഡൽഹിയിലും പറ്റ്‌നയിലുമുള്ള നിരവധി കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു. ഈ നേതാക്കളുടെ ആശങ്ക അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
Also Read:മോദിയുടെ ഹനുമാൻ; ബിഹാറിൽ പുത്തൻ താരോദയമായി ചിരാഗ് പാസ്വാൻ
എസ്‌ഐആർ മുതൽ വോട്ടുചോർച്ച ആരോപണം വരെ ഒന്നും വോട്ടർമാരിൽ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പിലെ പ്രകടനം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തികാട്ടിയ സാമൂഹിക നീതി രാഷ്ട്രീയമെന്ന് പ്രചാരണവും കോൺഗ്രസിന് ഗുണം ചെയ്തില്ല. പ്രചാരണങ്ങൾ രീതികളിൽ മാറ്റം വേണമെന്ന് താഴെത്തട്ടിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും നേതൃത്വം അത് പരിഗണിച്ചില്ലെന്ന് ബിഹാറിലെ ചില കോൺഗ്രസ് നേതാക്കൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
വോട്ട് ബാങ്ക് തിരിച്ചറിയാത്ത പ്രചാരണം
സാമൂഹിക നീതി രാഷ്ട്രീയത്തിൽ ഊന്നിയുള്ള പ്രചാരണം കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കിനെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും ചില നേതാക്കൾ പറഞ്ഞു. പിന്നാക്ക, അതിപിന്നാക്ക ജാതികളെ ഒപ്പം കൂട്ടാൻ ശ്രമിച്ചെങ്കിലും അവർ പാർട്ടിയ്‌ക്കൊപ്പം നിന്നില്ല. കോൺഗ്രസിനൊപ്പം നിന്നിരുന്ന മുന്നോക്ക ജാതിവിഭാഗങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
Also Read:ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം
ഒരു മുതിർന്ന കാൺഗ്രസ് നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. " എന്റെ ജില്ലയിൽ ഒരു ഇബിസി സമ്മേളനത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തി. കുറച്ചു അകലെ, വലിയൊരു ബ്രാഹ്മണ വോട്ടർമാരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. ഒരു പ്രശസ്ത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഉൾപ്പെടെ 5,000 പേരുടെ ഒരു ജനക്കൂട്ടം രാഹുൽ സന്ദർശിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. ഇബിസി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ഒരു ബ്രാഹ്മണ ഗ്രാമം സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ നല്ലതല്ലെന്നാണ് അന്ന് അദ്ദേഹത്തിന് നൽകിയ ഉപദേശം എന്നാണ് അറിഞ്ഞത്. ഇങ്ങനെ പോകാൻ പാടില്ല. എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാൻ കഴിയണം"- അദ്ദേഹം പറഞ്ഞുനിർത്തി.
സ്ഥാനാർഥി നിർണയത്തിലെ അപാകത
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിന് വൻ അപാകതകൾ സംഭവിച്ചെന്നും നേതാക്കൻമാർ ചൂണ്ടിക്കാട്ടുന്നു. ബിജെപി, എൽജെപി, എൻഡിഎ പാർട്ടികളിൽ സീറ്റ് ലഭിക്കാത്ത പലർക്കും കോൺഗ്രസ് സീറ്റ് നൽകി. ഇത്തരത്തിൽ കുറഞ്ഞത് പത്ത് സ്ഥാനാർഥികളെങ്കിലും മത്സരിച്ചു. സോൻബർഷ, കുംഹ്റാർ, നൗട്ടാൻ, ഫോർബ്സ്ഗഞ്ച്, കുച്ചിയകോട്ട്, ബൽദൗർ എന്നിവിടങ്ങളിലെല്ലാം ടിക്കറ്റ് നൽകിയത് ഇത്തരത്തിലുള്ള സ്ഥാനാർഥികൾക്കാണ്.
Also Read:ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ
ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ പോരാടുന്ന പാർട്ടി തിരഞ്ഞെടുപ്പിന് തലേദിവസം ആ പാളയത്തിൽ നിന്ന് വരുന്നവർക്ക് സീറ്റ് നൽകുന്നത് വോട്ടർമാരിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ചില കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇത് പാർട്ടിയുടെ വിശ്വാസ്യത തല്ലിക്കെടുത്തുന്നെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Read More: നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us