scorecardresearch

വധശിക്ഷ ഓർഡിനൻസ്: പ്രതിഷേധങ്ങളുടെ മൂർച്ച കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ഗിമ്മിക്ക്

ഇപ്പോൾ ഉയർന്നിട്ടുളള പ്രതിഷേധങ്ങളുടെ മുർച്ച കുറയ്ക്കുന്നതിനുളള കേന്ദ്ര സർക്കാരിന്‍റെ ജനപ്രിയ ഗിമ്മിക്ക് മാത്രമാണ് നിലവിലത്തെ ഓർഡിനൻസ് എന്ന് സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ

വധശിക്ഷ ഓർഡിനൻസ്: പ്രതിഷേധങ്ങളുടെ മൂർച്ച കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ഗിമ്മിക്ക്

കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ​ നടപ്പാക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യമാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ​ സി ആർ ബി) കണക്കുകൾ ഉയർത്തുന്നത്. 2016ൽ കുട്ടികളെ ബലാൽസംഗം ചെയ്ത സംഭവങ്ങളിൽ 64,138 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കുട്ടികൾക്ക് എതിരെയുളള ലൈംഗികാതിക്രമം തടയൽ നിയമവും (പോക്സോ) ഐ​പിസിയിലെ 376 ആം വകുപ്പും ഉൾപ്പെടുത്തിയാണ് ഈ കേസുകൾ എടുത്തത്. ഇതില്‍ 1,869 കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. അതായത് മൊത്തം റജിസ്റ്റർ ചെയ്ത കേസിന്‍റെ മൂന്ന് ശതമാനത്തിൽ​ താഴെ മാത്രം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന ബലാൽസംഗ കേസുകളിൽ 94 ശതമാനം കേസുകളിലും ഇരകൾക്ക് കുറ്റവാളികലെ അറിയാമായിരുന്നു എന്നതാണ്. കുറ്റവാളിയായ വ്യക്തി കുടുംബാഗംമോ അയൽവാസിയോ പരിചയക്കാരനോ ആയിരിന്നുവെന്നാണ്.

ഈ യാഥാർത്ഥ്യത്തിന്‍റെ വെളിച്ചത്തിൽ, കുട്ടികളെ ബലാൽസംഗം ചെയ്യുന്ന കുറ്റവാളികളെ, ക്രിമിനൽ നിയമം ഭേദഗതി ചെയ്ത് വധശിക്ഷ നടപ്പാക്കാനുളള തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷമേ പരിഗണിക്കാൻ പാടുളളൂവെന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നു.

വധശിക്ഷ നടപ്പാക്കിയാൽ, കുറ്റവാളികൾ കുടുംബാംഗങ്ങളോ അറിയാവുന്നവരോ ആയാൽ ലൈംഗികാതിക്രമത്തെ കുറിച്ച് പരാതി നൽകുന്നതിൽ നിന്നും ഇരയെ തടയാൻ സാധ്യതയുണ്ട്. ഇത് കുറ്റകൃത്യത്തെ ഒളിപ്പിച്ചു വെയ്ക്കാനും ഇരയെ നിസ്സാഹായവസ്ഥയിലേയ്ക്ക് തളളിയിടാനും വഴിയൊരുക്കുമെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകയായ വൃന്ദ ഗ്രോവർ പറയുന്നു.

പോക്സോ നിയമത്തിലെ കേസുകൾ ഒരു വർഷത്തിനുളളിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും 2016 അവസാനമാകുമ്പോഴും 89 ശതമാനം കേസുകളിലും വിചാരണ തീരുമാനമാകാതെ നീളുകയായിരുന്നു. കുട്ടികളെ ബലാൽസംഗം ചെയ്യുന്ന കേസുകളിൽ നിലവിലുള്ള ശിക്ഷയിലെ കുറവ് വധശിക്ഷ നടപ്പാക്കുമ്പോൾ വർധിക്കുകയേയുളളൂ.

2012 ഡിസംബറിലെ കൂട്ടബലാൽസംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ​ വിധിച്ചിട്ടും അത്തരം കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സാധിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ഉയർന്നിട്ടുളള പ്രതിഷേധങ്ങളുടെ മൂർച്ച കുറയ്ക്കുന്നതിനുളള കേന്ദ്ര സർക്കാരിന്‍റെ ജനപ്രിയ ഗിമ്മിക്ക് മാത്രമാണ് നിലവിലത്തെ ഓർഡിനൻസ് എന്ന് വൃന്ദ ഗ്രോവർ അഭിപ്രായപ്പെടുന്നു.

പന്ത്രണ്ട് വയസ്സിന് താഴെയുളള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനായി പോക്സോ നിയമത്തിലെ 42ആം വകുപ്പ് ഭേദഗതി നിർദേശിക്കുന്നതിനൊപ്പം ഐ​പിസിയിലെ 376 ആം വകുപ്പും സി ആർ പി സിയിലെ 173, 309 എന്നീ വകുപ്പുകളിലും ഭേദഗതി നിർദേശിക്കുന്നുണ്ട്. ഇത് പ്രകാരം രണ്ട് മാസത്തിനുളളിൽ പൊലീസ് അന്വേഷണം നടത്തി, വിചാരണ പൂർത്തിയാക്കണം.

എന്നാൽ നേരത്തെ തന്നെ ക്രിമിനൽ നിയമം ഭേദഗതി ചെയ്തതിലൂടെ വിചാരണ രണ്ട് മാസം കാലവാധിക്കുളളിൽ,​ എത്ര വേഗം പൂർത്തിയാക്കാൻ പറ്റുമോ അത്രയും വേഗം അത് പൂർത്തിയാക്കണം എന്നും കുട്ടികളെ ബലാൽസംംഗം ചെയ്യുന്ന കേസുകളിൽ മൂന്നു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ക്രിമിനൽ നിയമത്തിൽ 2013 ൽ ഭേദഗതി ചെയ്തിട്ടുണ്ട്.

ഗൗരവതരമല്ലാതെയുളള അന്വേഷണം, ജഡ്‌ജിമാർക്ക് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമകേസകളും ജെൻഡർ അടിസ്ഥാനമാക്കിയ അക്രമങ്ങളും കൈകാര്യം ചെയ്യാനുളള പരിശീലനത്തിന്‍റെ അഭാവം, എന്നിവ  ഇത്തരം ഭേദഗതികൾ നിഷ്ഫലമാക്കുമെന്നും ഗ്രോവർ വിശദീകരിക്കുന്നു.

ഡൽഹിയിലെ 2012 ഡിസംബറിലെ കൂട്ടബലാൽസംഗ കേസിനെ തുടർന്ന് രൂപീകരിച്ച ജസ്റ്റിസ് വർമ്മ കമ്മിറ്റി വധശിക്ഷ എന്നത് പ്രതിലോമകരമായ ഒന്നാണെന്നായിരുന്നു റിപ്പോർട്ടിൽ നിരീക്ഷിച്ചത്. ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നതിൽ 1980 മുതൽ മാന്ദ്യമുണ്ടായിട്ടും കൊലപാതകങ്ങളുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിനുളളിൽ ഗണ്യമായി കുറഞ്ഞു വന്നിരുന്നുവെന്നും  മനുഷ്യവാകാശ സംഘടനകളുടെ അഭിപ്രായം മുന്‍നിര്‍ത്തി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ബലാൽസംഘ കേസുകളിൽ ജീവപര്യന്തമായി ശിക്ഷ വർധിപ്പിക്കണമെന്നാണ് ജസ്റ്റിസ് വർമ്മ കമ്മിറ്റി ശുപാർശ ചെയ്തത്. വധശിക്ഷ പ്രതിരോധമാണെന്നത് വെറും മിത്താണെന്നും കമ്മിറ്റി വ്യക്തമാക്കി.

ഡൽഹി കൂട്ടബലാൽസംഗ കേസിനെ തുടർന്നുണ്ടായ സമ്മർദ്ദത്തെ തുടർന്ന് യു പി എ സർക്കാർ 2013ൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്തു. ബലാൽസംഗം ആവർത്തിക്കുന്നവർക്ക് നരഹത്യയില്ലെങ്കിലും ഐ പി സി 376 ഇ വകുപ്പിന്‍റെ അടിസ്ഥാനത്തിലും ബലാൽസംഗത്തിന് ഇരയാകുന്ന വ്യക്തി ജീവച്ഛവമാകുന്നതോ ആയ കേസിൽ 376 എ വകുപ്പിന്‍റെ അടിസ്ഥാനത്തിലും വധശിക്ഷ കൊണ്ടു വന്നു.

മുംബൈ ശക്തി മിൽസ് കൂട്ടബലാൽസംഗ കേസിൽ 2014 ൽ ഐ പി സി 376 ഇപ്രകാരം മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധിച്ചു.

ശക്തി മിൽസ് ബലാൽസംഗ കേസിലെ ഇരകളെ പിന്തുണയ്ക്കുന്ന ഫ്ലേവിയ ആഗ്നസിനൊപ്പം മജ്ലിസ് ലീഗൽ സെന്റർ നടത്തുന്ന അഡ്വ. പെർസിസ്  സിദ്ധ്വ വധശിക്ഷയ്ക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചിരുന്നു.

“വധശിക്ഷ എന്നത് ഇരയ്ക്ക് വീണ്ടും പീഡനമേൽപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, ഭൂരിപക്ഷം കേസുകളിലും കുറ്റവാളികളെ ഇരകൾക്ക് വ്യക്തിപരമായി അറിയാമെന്നതിനാൽ ഇരകൾ തന്നെ കുറ്റവാളികൾക്ക് അനുകൂലമായി മൊഴിമാറ്റുകയോ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യും.”

സാധാരണ കേസുകൾ വേഗത്തിൽ വിചാരണ നടക്കാറില്ല. ശക്തി മിൽസ്  കേസു പോലെയോ ഡൽഹി കൂട്ടബലാൽസംഗ കേസുപോലെയോഉളള​ ശ്രദ്ധ പിടിച്ചുപറ്റിയ കേസുകൾ മാത്രമാകും അങ്ങനെ വേഗത്തില്‍ സാധ്യമാകുക. കോടതികളിലെ ജോലി ഭാരം കാരണം വിചാരണകൾ രണ്ട് മാസത്തിനുളളിൽ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അവർ പറയുന്നു.

“നിലവിലുളള ജഡ്‌ജിമാരുടെ എണ്ണം മാത്രം നിലനിർത്തിക്കൊണ്ട് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നത്   കൊണ്ട് വിചാരണ വേഗത്തിൽ​ പൂർത്തിയാക്കാൻ സാധിക്കില്ല. മാത്രമല്ല, പ്രോസിക്യൂട്ടർമാർക്ക് ഇത്തരം കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ലെങ്കിൽ കേസ് വൈകുന്നതിന് അത് കാരണമാകുമെന്നും,” സിദ്ധ്വ പറഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലും ബലാൽസംഗത്തെ അതിജീവിച്ചവർക്കായി വൺ സ്റ്റോപ്പ് കേന്ദ്രങ്ങൾ സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ നീതി ലഭ്യമാക്കുന്ന കാര്യത്തിൽ ഇത് കാര്യമായ പ്രയോജനം ലഭ്യമാക്കുന്നില്ലെന്ന് സിദ്ധ്വാ പറയുന്നു. താലൂക്ക് തലത്തിൽ​ അതിജീവിച്ചവരെ പിൻബലം നൽകാനുളള പദ്ധതികൾ ഉണ്ടായാൽ മാത്രമേ അവർക്ക് ഓരോ നീതിയുടെ ഓരോ ഘട്ടവും പ്രാപ്യമാവുകയുളളൂ. പൊലീസും ആശുപത്രിയും കോടതിയുമെല്ലാമായി നിരന്തരമായ ഫോളോ അപ്പ് ഉണ്ടാകണമെന്നും സിദ്ധ്വാ പറയുന്നു.

നരഹത്യയില്ലാത്ത ബലാൽസംഗ കേസുകളിൽ വധശിക്ഷ വിധിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് യു എസ് സുപ്രീം കോടതി നിരീക്ഷിച്ചതായി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (എൻ എൽ യു) 2016 ലെ ഇന്ത്യയിലെ വധശിക്ഷ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും സാമൂഹികവും സാമ്പത്തികവുമായി പാർശ്വവത്കൃതരും ദുർബലരുമാണെന്ന് നാഷണൽ ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 385 തടവുകാരിൽ 373 പേരെ അഭിമുഖം നടത്തിയതാണ് ഈ​ പഠനം.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ 23 ശതമാനവും സ്കൂളിൽ​ പോയിട്ടില്ല. 9.6ശതമാനം പ്രൈമറി സ്കൂളിലെ പഠനം പൂർത്തിയാക്കയിട്ടില്ല. 61.6 ശതമാനം സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ 76 ശതമാനവും പിന്നാക്ക ജാതികളിൽപെട്ടവരോ ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെട്ടവരോ ആണ്. അതേസമയം തന്നെ, 74 ശതമാനം പേരും സാമ്പത്തികമായി ദുർബലരുമാണെന്ന് പഠനത്തിൽ കണ്ടെത്തി.

Read More: പ്രതികാരമല്ല, തിരുത്തലാണ് വേണ്ടത്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Three per cent convictions 94 accused know victims in child rape cases