സന: യെമനില്‍ 10 വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ വെടിവച്ച് കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊന്ന് ആള്‍താമസമില്ലാത്ത കെട്ടിടത്തിലാണ് ഇവര്‍ മൃതദേഹം ഒളിപ്പിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. ഒരാള്‍ 27 വയസ് പ്രായമുളളയാളാണ്.
ജനമധ്യത്തില്‍ മുട്ടുകാലില്‍ ഇരുത്തി വെടിവച്ച് കൊന്ന ഇവരെ സനയിലെ ആള്‍ത്തിരക്കുളള സ്ക്വയറില്‍ ക്രെയിനില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ആളൊഴിഞ്ഞ ഒരു വീട്ടില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. യെമനിലെ ഔദ്യോഗിക മതം ഇസ്‌ലാമാണ്, നീതിന്യായ വ്യവസ്ഥ ശരീഅ നിയമത്തിന്റെ കഠിനമായ രൂപപ്രകാരമുള്ളതാണ്.
പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെടാം. ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്നിനടിമപ്പെടൽ, സത്യ നിഷേധിയാവൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം, എന്നിവയൊക്കെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. വധശിക്ഷ വാളുകൊണ്ട് ശിരച്ഛേദം നടത്തിയും കല്ലെറിഞ്ഞും, ഫയറിങ് സ്ക്വാഡുപയോഗിച്ചും നടത്താം. ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസത്തെ വധശിക്ഷ നടന്നത്. മരണശേഷം മൃതദേഹം പ്രദർശിപ്പിക്കാറുമുണ്ട്. ശിരച്ഛേദം ചെയ്ത ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കണം എന്ന് ചിലപ്പോൾ കോടതി വിധിയുണ്ടാകാറുണ്ട്. സൗദിയിലേതിന് സമാനമാണ് ഈ രീതി.