ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
പൂഞ്ച്, മന്‍കോട്ട്, ബാലാകോട്ട്, നൗഷെറാ എന്നീ മേഖലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പ്രദേശ വാസികള്‍ക്ക് പരുക്കേറ്റതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ലെഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മന്‍കോട്ടിലും ബാലാകോട്ടിലും വൈകുന്നേരം ആറ് മണിയോടെയും നൗഷെറയില്‍ വൈകുന്നേരം 4.15ഓടെയുമാണ് ഷെല്ലാക്രമണം ആരംഭിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.
ഉത്തര കശ്മീരിലെ ഉറിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരുക്കേല്‍ക്കുകയും മൂന്ന് വീടുകള്‍ നശിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ നടക്കുന്ന ഗ്രാമങ്ങളില്‍ നിന്നും ചില കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉറിയിലെ ഗ്രാമങ്ങളില്‍ നിന്നും 30 പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതായി ഉറി സബ് ഡിവിഷല്‍ മജിട്രേറ്റ് റിയാസ് മാലിക് അറിയിച്ചു. മൂന്ന് ഗ്രാമങ്ങളിലെ ആളുകളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ മാറ്റിപ്പാര്‍പ്പിക്കല്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.