ലക്‌നൗ: പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലേയ്ക്ക് ഇരുപത്തിനാലുകാരിയായ സ്ത്രീക്കൊപ്പം വന്ന മൂന്ന് മുസ്‌ലിം പുരുഷന്മാർക്ക് നേരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ കൈയ്യേറ്റമെന്ന് ആരോപണം. പഞ്ചാബിലെ ബർണാല ജില്ലയിൽ നിന്നും യു പിയിലെ ഭഗപത് തെസിലിലെത്തിയവരാണ് കൈയേറ്റത്തിന് വിധേയരായതായി പരാതി ഉയർന്നത്. അഭിഭാഷകന്രെ ഓഫീസിൽ വച്ച് ശനിയാഴ്ചയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്.

കലീം (25), നദീം (26) മുദസാർ (28) എന്നിവരാണ് അക്രമത്തിനിരയായത്. യുപിലെ സഹറാൻപൂർ സ്വദേശികളായ ഇവർ കഴിഞ്ഞ 15 വർഷമായി ബർണാലയിൽ ജോലി ചെയ്യുകയാണ്. വർഗീയ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും അകാരണമായി ഉപദ്രവിച്ചതിനും തിരിച്ചറിയാത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. യുവതി കൊടുത്ത പരാതിയിലാണ് കേസ്. ഇതുവരെ ആരെയും ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ല.

ബർണാല പൊലീസ് യുപിയിലെ ഭാഗപത് പൊലീസിനെ ബന്ധപ്പെടുകയും ജനുവരി പത്തിന് കാണാതായ യുവതിയാണ് ഇതെന്നും അറിയിച്ചു. യുവതിയെ കലീമും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ട് പോയതായി യുവതിയുടെ  സഹോദരി പരാതി നൽകിയിരുന്നതായും അറിയിച്ചു. ഈ മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് യുവതിയെ പഞ്ചാബിലേയ്ക്ക് തിരികെ അയച്ചു.

അഭിഭാഷകന്രെ ഓഫീസിൽ തങ്ങൾ ആക്രമിക്കപ്പെട്ടതായി യുവാക്കൾ പറഞ്ഞതായി ഭാഗപത് പൊലീസ് അറിയിച്ചു. യുവതിയും കലീമുമായുളള വിവാഹത്തിന്രെ നിയമപരമായ കാര്യങ്ങളെ കുറിച്ച് അഭിഭാഷകനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടാകുന്നത്. “നാല് പേരെ ഒരു കൂട്ടം ആളുകൾ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചു ഞങ്ങൾ അവിടെയെത്തി അവരെ രക്ഷിക്കുകയായിരുന്നുവെന്ന് “ഭഗപത് എഎസ്പി സഞ്ജീവ് സുമൻ പറഞ്ഞു.

“യുവതിയെ ചോദ്യം ചെയ്തപ്പോൾ അവർ ജനുവരി പത്തിന് വീട് വിട്ടിറങ്ങിയതായും കലീമിനെ വിവാഹം ചെയ്തതായും അറിയിച്ചു. വിവാഹിതരാകാനായി തങ്ങൾ ഡൽഹിയിൽ പോയതായും ഡൽഹിയിൽ വിവാഹം ചെയ്യുന്ന നടപടിക്രമങ്ങൾ വൈകുമെന്ന് വ്യക്തമാക്കിയ ഒരു അഭിഭാഷകൻ ഭാഗപതിലെ അഭിഭാഷകന്രെ അടുത്തേയ്ക്ക് അയക്കുകയായിരുന്നുവെന്ന് കലീം പറഞ്ഞുവെന്നും” സിറ്റി ഭാഗപത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദിനേശ് കുമാർ സിങ് പറഞ്ഞു.

“അഭിഭാഷകന്രെ ഓഫീസിലിരിക്കുമ്പോൾ തങ്ങൾക്കറിയാത്ത ചില ആളുകൾ വന്ന് ചോദ്യം ചെയ്യാൻ തുടങ്ങിയതായി യുവാക്കൾ പറഞ്ഞു. എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ മർദ്ദിച്ചുവെന്നും യുവാക്കൾ പറഞ്ഞു. അക്രമികളെ ഇതുവരെ കണ്ടെത്താനായില്ലെന്നും,” ദിനേശ് കുമാർ സിങ് പറഞ്ഞു.

“മൂന്ന് മുസ്‌ലിം പുരുഷന്മാർ പെൺകുട്ടിയെ തട്ടിക്കൊണ്ട് വന്ന് മതം മാറ്റാൻ ശ്രമിക്കന്നതായി അറിഞ്ഞതിനെ തുടർന്ന് തങ്ങൾ ഇടപെട്ടതാണെന്ന്,” വിഎച്ച്പി ഭാഗപത് ജില്ലാ മീഡിയ ഇൻ ചാർജ് സുനിൽ ചൗഹാൻ പറഞ്ഞു. “വിവരം ലഭിച്ചയുടനെ ഞങ്ങൾ സ്ഥലത്തെത്തി. സംശയകരമായ സാഹചര്യത്തിൽ മൂന്ന് യുവാക്കളും യുവതിയും ഇരിക്കുന്നത് കണ്ടു. ഞങ്ങൾ ചോദ്യം ചെയ്തപ്പോൾ അവർ ഞങ്ങളോട് തർക്കിച്ചു. അത് ചെറിയ അടിപിടിയിലെത്തിയതായി,” സുനിൽ ചൗഹാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ