ജമ്മു: ജമ്മു നഗരത്തോട് ചേർന്ന് മൂന്നിടങ്ങളില്‍ കൂടി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് ഡ്രോണുകള്‍ കണ്ടത്. ഇതേത്തുടര്‍ന്ന് അതീവജാഗ്രതയിലാണ് പൊലീസും മറ്റു സുരക്ഷാ ഏജന്‍സികളും.
ചൊവ്വാഴ്ച രാത്രി 9.23 ന് മിരാന്‍ സാഹിബിലാണ് ആദ്യം ഡ്രോണ്‍ കണ്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാമത്തെയും മൂന്നാമത്തെയും ഡ്രോണുകള്‍ ബുധനാഴ്ച പുലര്‍ച്ചെ 4.40 നും പുലര്‍ച്ചെ 4.52 നും കലുചക്, കുഞ്വാനി പ്രദേശങ്ങളിലാണ് കണ്ടത്.
ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രണ്ട് സ്ഫോടനം നടത്തിയിരുന്നു. ഇതിനുശേഷം ഈ ആഴ്ചയിലെ എല്ലാ ദിവസവും ജമ്മുവില്‍ ഡ്രോണുകള്‍ കാണപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ രത്നുചക്, കലുചക്, കുഞ്ച്വാനി പ്രദേശങ്ങളില്‍ ഡ്രോണ്‍ കണ്ടിരുന്നു. തിങ്കളാഴ്ച, കലുചക്, രത്നൂചക് സൈനിക താവളങ്ങള്‍ക്കു മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി കരസേന കണ്ടെത്തുകയും അവയ്ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.
Also Read: ജമ്മു സ്ഫോടനം: ഡ്രോണുകൾ ഇട്ടത് രണ്ടു കിലോ വീതമുള്ള സ്ഫോടക വസ്തുക്കൾ
സൈനികരുടെ ജാഗ്രതയും സജീവ സമീപനവും മൂലമാണ് വലിയ ഭീഷണി ഒഴിവായതെന്ന് കരസേന പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് തിങ്കളാഴ്ച പറഞ്ഞിരുന്നു. സുരക്ഷാ സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നിരവധി മേഖലകളില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയിട്ടും ഒരു ഡ്രോണ്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.