ചെന്നൈ: സർക്കാരുണ്ടാക്കാൻ തന്നെ ക്ഷണിക്കാത്ത സഹചര്യത്തിൽ ശശികല സമരത്തിനൊരുങ്ങുന്പോൾ, പനീർശെൽവം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. മൂന്ന് എംപി മാർ പരസ്യപിന്തുണയോടെ പനീർശെൽവം പക്ഷത്തേക്ക് നീങ്ങിയതിനൊപ്പം റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരിൽ പത്തു പേർ പുറത്തുവിടണമെന്ന ആവശ്യം ഉയർത്തിയതായാണ് സൂചന.

നേരത്തേ ശശികല പക്ഷത്തുള്ള എംഎൽഎ മാരിൽ മുപ്പതോളം പേർ പനീർശെൽവം പക്ഷക്കാരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. എംഎൽഎ മാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടർന്നാണ് മന്ത്രിസഭ ഉണ്ടാക്കാൻ ശശികലയെ ഗവർണർ ക്ഷണിക്കാതിരുന്നത്. എന്നാൽ എംഎൽഎ മാരുടെ പൂർണ പിന്തുണ തനിക്കൊപ്പം ഉറപ്പാക്കിയ ശേഷമാണ് ഗവർണർക്കെതിരെ സമരത്തിന് ശശികല പുറപ്പെടുന്നത്.

എന്നാൽ മഹാബലിപുരത്ത് രണ്ട് റിസോർട്ടുകളിലായി കഴിയുന്ന പത്ത് എംഎൽഎ മാരാണ് ഇപ്പോൾ പുറത്തുവിടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. പനീർശെൽവത്തിന് ഒപ്പം പോകാൻ ആഗ്രഹിക്കുന്നവരാണോ ഇപ്രകാരം ആവശ്യപ്പെട്ടതെന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.

എഐഎഡിഎംകെ യുടെ തൂത്തുക്കുടിയിൽ നിന്നുള്ള എംപി സെങ്കുട്ടുവൻ, വേലൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള എംപി ജയ്സിംഗ് ത്യാഗരാജ്, പേരാന്പല്ലൂർ എംപി മരുതുരാജ എന്നിവരാണ് ഞായറാഴ്ച പിന്തുണ പ്രഖ്യാപിച്ചത്.

ഗവർണർ പപനീർശെൽവത്തിന് അനുകൂലമായ റിപ്പോർട്ടാണ് കേന്ദ്രത്തിന് നൽകിയിരിക്കുന്നത്. കേന്ദ്രം പനീർശെൽവത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എംഎൽഎ മാരുടെ പിന്തുണ നിലനിർത്താൻ ശശികല ശ്രമിക്കുന്പോൾ പരമാവധി എംപി മാരെ കൂടെ നിർത്തുകയാണ് പനീർശെൽവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook