ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയിൽ ഞായറാഴ്ചയോടെ മൂന്ന് ശിശുമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 110 ആയി ഉയർന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ 100 ​​കുട്ടികൾ ആശുപത്രിയിൽ മരിച്ചപ്പോൾ, പുതുവർഷാരംഭത്തിൽ മുതൽ 10 പേർ കൂടി മരിച്ചു.

കുട്ടികളുടെ മരണത്തിൽ മുൻ സർക്കാരിന്റെ പ്രവർത്തികളെ കുറ്റപ്പെടുത്തുന്നതിന് പകരം സംസ്ഥാന സർക്കാരിന്റെ പ്രതികരണം കുറച്ചുകൂടി അനുകമ്പയും കരുണയും നിറഞ്ഞതാകണമെന്ന് സ്വന്തം സർക്കാരിനെ വിമർശിച്ചുകൊണ്ട് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. പഴയ സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിന് പകരം സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും സച്ചിൻ പൈലറ്റ് വിമർശിച്ചു.

ശനിയാഴ്ച ആശുപത്രി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സച്ചിൻ പൈലറ്റ്.

“ഈ സംഭവത്തിൽ കുറച്ചുകൂടി സെൻസിറ്റീവ് ആയിരിക്കണം നമ്മുടെ പ്രതികരണങ്ങൾ. നമ്മൾ കൂടുതൽ അനുകമ്പയുള്ളവരായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. അധികാരത്തിലേറി 13 മാസങ്ങൾക്ക് ശേഷം പഴയ സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല. കാരണം, അവർ അവരുടെ ജോലി ചെയ്തിരുന്നുവെങ്കിൽ ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കില്ലായിരുന്നു. നമുക്ക് വോട്ട് ചെയ്ത് നമ്മളെ അധികാരത്തിലെത്തിച്ച ജനങ്ങളോട് നാം ഉത്തരവാദിത്തമുള്ളവരായിരിക്കണം,” അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന് മുൻ ബിജെപി സർക്കാരിനെ സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ സർക്കാർ ആശുപത്രിയുടെ ധനസഹായം നിരസിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു.

“നമ്മൾ കാര്യങ്ങൾ വേണ്ട വിധം ചെയ്യുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. മറ്റുള്ളവർ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, നാം സ്വയം ഉത്തരവാദിത്തമുള്ളവരായിരിക്കണം. ഇതൊരു ചെറിയ സംഭവമല്ല, ഹൃദയഭേദഗമാണ് ഈ കാഴ്ച. സംസ്ഥാനം മുഴുവനും രാജ്യം മുഴുവനും നടുങ്ങി. ഈ അവസരത്തിൽ എല്ലാവരിൽ നിന്നും വളരെ ക്രിയാത്മകവും സംവേദനക്ഷമവുമായ പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു, ”പൈലറ്റ് പറഞ്ഞു.

“ഇവിടെ സ്ഥിതി ഭയാനകമാണെന്ന് ഞാൻ ഞാൻ മനസിലാക്കുന്നു. ഇത് സങ്കടകരമാണ്. ഞാൻ ദുഃഖിതനാണ്. നിരപരാധികളായ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ ഇത്തരത്തിൽ നഷ്ടപ്പെടുന്നത് സ്വീകാര്യമല്ല. നാം ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്,” പിന്നീട് ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച സച്ചിൻ പൈലറ്റ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook