ലക്‌നൗ: സ്ത്രീകള്‍ അടിക്കടി അക്രമത്തിന് ഇരയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്നും ഞെട്ടിക്കുന്ന മറ്റൊരു അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ഒരു വനപ്രദേശത്ത് വച്ച് നാല് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായി മാറിയത്. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ നാലാമത്തെയാള്‍ വീഡിയോ പകര്‍ത്തുകയാണ്.

തന്നെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പറയുന്നതും വീഡിയോയില്‍ കാണാം. ‘ഭയ്യാ, ഒന്നും ചെയ്യല്ലേ’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുമ്പോള്‍ അക്രമികള്‍ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടിയുടെ മുടി പിടിച്ച് ഒരാള്‍ അക്രമിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ ഇവരെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ‘ചെരുപ്പ് കൊണ്ട് നിനക്ക് അടി കിട്ടും’ എന്നൊരു അക്രമി അലറുന്നതും വീഡിയോയില്‍ കേള്‍ക്കാം. അടങ്ങിയിരുന്നില്ലെങ്കില്‍ വീഡിയോ വൈറലാക്കി മാറ്റുമെന്നും അക്രമി പറയുന്നുണ്ട്.


വീഡിയോ കടപ്പാട്: എബിപി ന്യൂസ്

വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ബലമായി വനപ്രദേശത്തേക്ക് കൊണ്ടു പോയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗംഗാഘട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞയുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉന്നാവോയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായയതെന്നാണ് വിവരം. ഉന്നാവോയിലാണ് കഴിഞ്ഞ മാസം 9 വയസുകാരിയെ 25കാരന്‍ പീഡിപ്പിച്ച് കൊന്നത്. ബിജെപി എംഎല്‍എ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പെണ്‍കുട്ടി രംഗത്ത് വന്നതും ഇവിടെയാണ്. സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെതിരെ കേസെടുത്തിരുന്നു.

2017 ജൂലൈ നാലിനാണ് എംഎല്‍എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. തന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിന് പിന്നാലെ കസ്റ്റഡിയില്‍ ഇരുന്ന പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook