ന്യൂയോർക്ക്: ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ യുഎസിൽ മരിച്ചനിലയിൽ. വീട്ടിലെ നീന്തൽക്കുളത്തിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
യുഎസ് ന്യൂജഴ്‌സിയിലെ വീട്ടിലുള്ള നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ പുതുതായി വാങ്ങിയ വീടാണിത്. ന്യൂജഴ്‌സിയിലെ ഈസ്റ്റ് ബ്രന്‍സ്‌വിക്കിലെ വസതിയില്‍ ഭരത്പട്ടേല്‍ (62 വയസ്), മരുമകള്‍ നിഷ (33 വയസ്), നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് സംഭവം.
Read Also: ഫുട്‌ബോൾ ലോകത്തെ ‘മിശിഹ’; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ
വീടിന്റെ പിന്നിലാണ് നീന്തൽക്കുളം. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് ദുരന്തം.
മൂന്നരയടി ആഴമുള്ളതാണ് കുളം. അഞ്ച് കിടക്കമുറികളുള്ള വീട് ഭരത് പട്ടേല്‍ കഴിഞ്ഞമാസമാണ് മൂന്നുകോടി നാല്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയത്.