സുക്മ: മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷ ജീവനക്കാരുടെ വെടിയേറ്റ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗട്ടാപദ്, തോകൻപളളി ഗ്രാമങ്ങൾക്കിടയിലെ കാട്ടിൽ നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ചിന്തഗുഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഭാഗത്ത് ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു ഏറ്റുമുട്ടലെന്ന് സുക്മ എസ്പി അഭിഷേക് മീണ പിടിഐയോട് പറഞ്ഞു.
ജില്ല റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവയുടെ സംയുക്ത ആക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 500 കിലോമീറ്റർ അകലെയുളള ഈ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സുരക്ഷ സംഘം തിരച്ചിൽ ആരംഭിച്ചത്.
ആദ്യം മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്നാണ് വെടിവയ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ സുരക്ഷ സേന തിരികെ വെടിവച്ചു. ആക്രമണം കുറച്ച് നേരം ഉടർന്നു. എന്നാൽ പിന്നീട് മാവോയിസ്റ്റുകൾ പിൻവാങ്ങി. ഇതിന് ശേഷം സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൂന്ന് മാവോയിസ്റ്റുകളുടെ മൃതദേഹവും നാല് തോക്കുകളും കണ്ടെത്തിയത്.