ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ ജി സി മുർമു പറഞ്ഞതിന് തൊട്ടുപിന്നാലെ മൂന്ന് മുൻ മുഖ്യമന്ത്രിമാർ കുറച്ചുനാൾ കൂടി തടങ്കലിൽ തുടർന്നേക്കുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് സൂചന നൽകി.

മുപ്പത് വർഷത്തിനിടെ ജമ്മു കശ്മീരിൽ നടന്ന ആദ്യത്തെ ഉത്സവ സീസണാണിതെന്ന് സിങ് പറഞ്ഞു. “അവർ തടങ്കലിൽ തുടരുന്നതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് നിങ്ങൾ പറയുന്നു. അതിനർഥം അവർ തടങ്കലിൽ കഴിയുമ്പോൾ കാര്യങ്ങൾ ശരിയായി നടക്കുന്നുവെന്നാണ്. എങ്കിൽ അവർ തടങ്കലിൽ തന്നെ തുടരട്ടെ,” ആരുടേയും പേരെടുത്ത് പറയാതെ ജിതേന്ദ്ര സിങ് പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചതു മുതൽ നാഷണൽ കോൺഫറൻസ് എംപി ഫാറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരാണ് കശ്മീരിൽ തടങ്കലിൽ കഴിയുന്നത്. മൂന്ന് പേരും മുൻ മുഖ്യമന്ത്രിമാരാണ്.

ഇതാദ്യമായാണ് തീവ്രവാദത്തിനെതിരെ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുന്ന സിങ്, ഈ മേഖലയിലെ തീവ്രവാദത്തിന്റെ അന്ത്യമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു.

രണ്ട് ലഫ്റ്റനന്റ് ഗവർണർമാരുമായും രണ്ട് ഭരണസംവിധാനങ്ങളുമായും സഹകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ദയവായി ഭിന്നിച്ചുനിൽക്കരുതെന്നും ഇപ്പോൾ സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് നിങ്ങൾ മനസ്സിലാക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook