ന്യൂഡല്‍ഹി: ശ്രേഷ്ഠ വിദ്യാഭ്യാസ സ്ഥാപന പദ്ധതി പ്രകാരമുള്ള കേന്ദ്രധനസഹായം വൈകുന്നതില്‍ ആശങ്കയുമായി ബോംബെ, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളും ബെംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ഐഐഎസ്‌സി).

സര്‍ക്കാര്‍ ഫണ്ടിന്റെ അപര്യാപ്തതയും കാലതാമസവും ശ്രേഷ്ഠ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്നതിനു വെല്ലുവിളിയാണെന്ന് ഈ സ്ഥാപനങ്ങള്‍ ഉന്നതാധികാര വിദഗ്ധ സമിതിയെ സെപ്റ്റംബര്‍ 26ന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഈ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി ലഭിച്ചത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ ആയിരം കോടി രൂപ നല്‍കാനാണു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം.

ഡല്‍ഹി ഐഐടിക്കു കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ലഭിച്ചത് ഏകദേശം 93 കോടി രൂപ മാത്രം. ആവശ്യപ്പെട്ടതാവട്ടെ 200 കോടി രൂപയും. 167 കോടി ആവശ്യപ്പെട്ട ബെംഗളുരു ഐഐഎസ്‌സിക്കു ലഭിച്ചത് 78 കോടി. ബോംബെ ഐഐടിക്കു 43 കോടി രൂപ ലഭിച്ചു. ഈ വര്‍ഷം മേയില്‍ കൂടുതല്‍ ഫണ്ടിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും കിട്ടിയിട്ടില്ല.

അതേസമയം, അവര്‍ പറഞ്ഞതു മുഴുവന്‍ സത്യമല്ലെന്നു ഉന്നതാധികാര വിദഗ്ധ സമിതി തലവന്‍ എന്‍ ഗോപാലസ്വാമി പ്രതികരിച്ചു. നല്‍കിയ പണം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നു അവരോട് ചോദിക്കൂയെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉന്നയിച്ച പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി നല്‍കിയ അനുവദിച്ച ഫണ്ട് ചെലവഴിക്കാത്ത കാര്യം മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ‘ഫണ്ട് അനുവദിക്കുന്നതിന് ഒരു നടപടിക്രമമുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന തുകയില്‍നിന്നു 20 ശതമാനം കുറച്ചാണു തുടര്‍ന്ന് ഫണ്ട് അനുവദിക്കുകയെന്നും അദ്ദേഹം സണ്‍ഡേ എക്‌സ്പ്രസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ 30 ലെ കണക്കു പ്രകാരം ഐഐടി ഡല്‍ഹി 73.54 കോടി രൂപയും ഐഐടി ബോംബെ 42.97 കോടിയും ഐഐഎസ്സി ബെംഗളുരു 56.53 രൂപയും ചെലവഴിച്ചിട്ടില്ല.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വഴക്കം കാണിക്കാനാണു സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതെന്നു മുന്നു സ്ഥാപനങ്ങളിലൊന്നിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫണ്ട് അല്‍പ്പാല്‍പ്പമായി തന്നാല്‍ തങ്ങള്‍ക്കു വലിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയില്ല. ഫണ്ട് അനുവദിക്കുന്നത് ഒരു പ്രവര്‍ത്തനവുമായി അല്ലെങ്കില്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസരംഗത്തെ 10 വീതം പൊതു, സ്വകാര്യ സ്ഥാപനങ്ങളെ ലോകത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണു ശ്രേഷ്ഠ പദവി പദ്ധതിയിലൂടെ കേന്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശ്രേഷ്ഠ പദവി ലഭിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ ഫണ്ട് ലഭിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook