scorecardresearch
Latest News

താലിബാൻ പ്രദേശത്തുനിന്ന് മൂന്ന് ഇന്ത്യക്കാരെ എയർലിഫ്റ്റ് ചെയ്തു; സുരക്ഷാ നിർദേശവുമായി എംബസി

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ എംബസിയുടെ നാലാമത്തെ സുരക്ഷാ നിർദേശമാണ് ഇന്നലെ നൽകിയത്

താലിബാൻ പ്രദേശത്തുനിന്ന് മൂന്ന് ഇന്ത്യക്കാരെ എയർലിഫ്റ്റ് ചെയ്തു; സുരക്ഷാ നിർദേശവുമായി എംബസി
ഫയൽ ചിത്രം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രിത പ്രദേശത്തുനിന്ന് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ എയർലിഫ്റ്റ് ചെയ്തു. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ കനത്തിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് എംബസി വീണ്ടും സുരക്ഷാ നിർദേശം നൽകി.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ എംബസിയുടെ നാലാമത്തെ സുരക്ഷാ നിർദേശമാണ് ഇന്നലെ നൽകിയത്, രണ്ട് ദിവസം മുൻപ് മാത്രമാണ് അവസാന നിർദേശം നൽകിയത്. ഖത്തറിന്റെ ക്ഷണപ്രകാരം ഇന്ത്യ ദോഹയിൽവച്ച് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സമ്മേളനത്തിൽ പങ്കെടുത്ത ദിവസമാണ് പുതിയ സുരക്ഷാ നിർദേശവും നൽകിയത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലുള്ള വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങാണ് ഇന്ത്യൻ പ്രതിനിധി ദീപക് മിത്തലിനോടൊപ്പം ദോഹയിൽ അഫ്ഗാൻ നേതാവ് അബ്ദുള്ള അബ്ദുള്ളയെ കണ്ടത്.

മുൻപ് നൽകിയ സുരക്ഷാ നിർദേശങ്ങളുടെ തുടർച്ചയായാണ് പുതിയ നിർദേശവും നൽകിയത്. ജൂൺ 29, ജൂലൈ 24, ഓഗസ്റ്റ് 10 എന്നീ തീയതികളിലാണ് നേരത്തെ സുരക്ഷാ നിർദേശം പുറത്തിറക്കിയിരുന്നത്. മുൻപ് നിർദേശിച്ച മുൻകരുതലുകളും സുരക്ഷാ നടപടികളും തുടരുമെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ഈ നടപടികൾ കർശനമായി പാലിക്കാൻ വീണ്ടും അഭ്യർത്ഥിക്കുന്നതായും അതിൽ പറഞ്ഞു.

സർക്കാർ നിയന്ത്രണത്തിൽ അല്ലാത്ത ഒരു ഡാം നിർമ്മാണ സൈറ്റിൽ നിന്നും മൂന്ന് ഇന്ത്യൻ എൻജിനിയർമാരെ എയർലിഫ്റ്റ് ചെയ്ത് രക്ഷിക്കേണ്ട സാഹചര്യം പറഞ്ഞു കൊണ്ടാണ് പുതിയ നിർദേശം ഇറക്കിയിരിക്കുന്നത്. ഇന്ത്യൻ എംബസിയുടെ നിർദേശങ്ങൾ പാലിക്കാതെ ഇന്ത്യൻ പൗരന്മാർ സ്വയം വലിയ അപകടങ്ങളിൽ പെടുകയാണെന്ന് അതിൽ വ്യക്തമാക്കി. എല്ലാ പൗരന്മാരും അപ്പപ്പോൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും എംബസി പറഞ്ഞു

Also read: കാബൂളിനരികെ താലിബാൻ; അധികാരം പങ്കിടാമെന്ന് അഫ്‌ഗാൻ സർക്കാർ വാഗ്‌ദാനം ചെയ്തതായി റിപ്പോർട്ട്

ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ താമസത്തിനും അഫ്ഗാനിസ്ഥാനിലെ യാത്രകൾക്കും അധിക സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.

നേരത്തെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ത്യ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രതിനിധികളുമായും ഇന്ത്യ സമ്പർക്കം പുലർത്തുന്നുണ്ടെന്നും അവിടത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ദോഹയിൽ നടന്ന അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു പ്രാദേശിക സമ്മേളനത്തിൽ ഇന്ത്യ പങ്കെടുത്തതായും ഒരു വാർത്താ സമ്മേളനത്തിൽ ബാഗ്ചി പറഞ്ഞു.

അതേസമയം, ഇറാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തും താലിബാൻ കീഴടക്കിയതായുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Three indians airlifted from taliban area embassy sounds alarm