ഗാന്ധിനഗര്‍ : ജൂലൈ 16നു ഗുജറാത്തിലെ ഉനയില്‍ ദളിതരെ ഗോവധമാരോപിച്ചു മര്‍ദ്ദിച്ച സംഭവതിനു പിന്നാലെ സംസ്ഥാനത്തു നിന്നും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദളിതരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവ്. ഡോ ബാബാസാഹെബ് അംബേദ്‌കര്‍ സ്ഥാപിച്ച ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തുവിട്ടത്.

ഉണയിലെ സംഭവത്തിനു ശേഷം ഏതാണ്ട് 15,00-16,00 ദളിതരാണ് ബുദ്ധമതം സ്വീകരിച്ചത് എന്നാണു സൊസൈറ്റി അദ്ധ്യക്ഷനായ പിജി ജ്യോതികര്‍ പറയുന്നത്. അതില്‍ അഞ്ഞൂറോളം പേര്‍ നാഗ്പൂരില്‍ ചെന്നാണ് പരിവര്‍ത്തനം നടത്തിയത്. ഉനയിലെ സംഭവത്തിനു മുമ്പ് പ്രതിവര്‍ഷം നാന്നൂറ് മുതല്‍ അഞ്ഞൂറു വരെ ദളിതരായിരുന്നു ബുദ്ധമതം സ്വീകരിച്ചത്.

ഖേദ ജില്ലയിലെ മഞ്ചിപുര അഞ്ഞൂറോളം പട്ടിക ജാതി കുടുകംബങ്ങള്‍ അതിവസിക്കുന്ന പ്രദേശമാണ്. പ്രദേശത്തെ ഒരറ്റത്തായാണ് അമ്പത്തിയാറുകാരനായ സുരേഷ് മഹേറിയയും അഞ്ചു പേരടങ്ങുന്ന അദ്ദേഹത്തിന്‍റെ കുടുംബവും കഴിയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ദസ്സറയ്ക്കാണ് സുരേഷ് മഹേരിയയും അദ്ദേഹത്തിന്‍റെ കുടുംബത്തിലെ ബാക്കിയുള്ളവരും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. ഉനയ്ക്ക് പുറത്തുള്ളയൊരു ജില്ലയില്‍ ബുദ്ധമതത്തിലേക്ക് നടക്കുന്ന ആദ്യ പരിവര്‍ത്തനമാണിത്.

ഈയടുത്താണ് സുരേഷ് മഹേരിയയുടെ മൂത്തമകനൊരു കുട്ടിയുണ്ടാവുന്നത്. ഒരു കെട്ടിടനിര്‍മാണ കമ്പനിയില്‍ എക്സിക്യൂട്ടീവായ്‌ ജോലി ചെയ്യുന്നയാള്‍ക്കും ബുദ്ധമതം സ്വീകരിച്ച ഉയര്‍ന്ന ജാതിക്കാരിയായ ഭാര്യയ്ക്കുമുണ്ടായ കുട്ടിക്ക് കനിഷ്ക എന്നാണ് പേരിട്ടിരിക്കുന്നത്. ബുദ്ധമതം സ്വീകരിച്ച സാമ്രാട്ടിനെ പിന്‍പറ്റിയായിരുന്നു ആ പേരുവിളി. സുരേഷ് മഹേരിയയുടെ ഇളയ മാനായ ബിപിന്‍ പുനെയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആണ്. അദ്ദേഹവും അച്ഛനെപ്പോലെ ബുദ്ധിസ്റ്റ് നാമം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോള്‍ ‘സമ്യക് ബൗദ്ധ്’ എന്ന പേരില്‍ അറിയപ്പെടുന്ന സുരേഷ് മഹേരിയ ആനന്ദ് ജില്ലയില്‍ സോഷ്യല്‍ വെല്‍ഫേര്‍ ഓഫീസര്‍ ആണ്. ഡോ ബി ആര്‍ അംബേദ്കറിന്‍റെയും ബുദ്ധന്‍റെയും പോസ്റ്ററിനു കീഴിലിരുന്നുകൊണ്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിട്ടുകൂടി എങ്ങനെയാണ് തനിക്ക് “വിവേചന മനോഭാവത്തില്‍” നിന്നും രക്ഷപ്പെടാന്‍ സാധിക്കാത്തത് എന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. മുമ്പ് പരിവര്‍ത്തനം താത്പര്യമില്ലാതിരുന്ന ദളിതര്‍ ഇപ്പോള്‍ ഉണയിലെ സംഭവത്തിനു ശേഷം അതിനായ് “മുന്നോട്ട് വരുന്നു” എന്നതില്‍ അദ്ദേഹത്തിന് തെല്ലത്ഭുതമില്ല.

“ഞാന്‍ വളരെ വര്‍ഷം മുമ്പേ മാനസികമായ് ഹിന്ദുമതം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിച്ചതുമാണ്. കഴിഞ്ഞവര്‍ഷമാണ്‌ നാഗ്പൂരിലെ ശിബിരത്തില്‍ വച്ച് ഞാനും എന്‍റെ കുടുംബവും ബുദ്ധമതം സ്വീകരിക്കുന്നത്.” അദ്ദേഹം പറയുന്നു. “ബുദ്ധിസത്തില്‍ ഞങ്ങള്‍ സമാധാനം കാണുന്നുണ്ട്. ഇവിടെ എല്ലാവരും ഒരുപോലെയാണ്. ഇവിടെ യുദ്ധത്തിന്‍റെയും വിനാശത്തിന്‍റെയും പ്രതീകമായ ആയുധമെടുക്കുന്ന ദൈവങ്ങളില്ല. ബുദ്ധിസം സമാധാനവും അനുകമ്പയുമാണ് പഠിപ്പിക്കുന്നത്. ജാതിശ്രേണിയുടെ മുകളില്‍ എന്ന് ധരിക്കുന്നവര്‍ താഴെയുള്ളവരെ അവജ്ഞയോടെ നോക്കുകയില്ല എന്നതിനാല്‍ തന്നെ ബുദ്ധമതം ആത്മ സംതൃപ്തിയും നല്‍കും.” സുരേഷ് മഹേരിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ