ന്യൂഡല്‍ഹി : എഞ്ചിനിയറിങ് പഠനത്തിനിടയില്‍ മൂന്ന് ഇന്റേൺഷിപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ലോക്സഭയെ അറിയിച്ചു. എഞ്ചിനിയറിങ് കോഴ്സ് പഠനത്തിനിടയില്‍ ഒരു വിദ്യാര്‍ഥികള്‍ കുറഞ്ഞത് മൂന്ന് ഇന്‍റേണ്‍ഷിപ്പില്‍ എങ്കിലും കടന്നുപോവേണ്ടതുണ്ട് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദകോഴ്സുകള്‍ ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിയും നാലുമുതല്‍ എട്ടാഴ്ചവരെ നീളുന്ന മൂന്നു ഇന്റേൺഷിപ്പുകളിലൂടെയെങ്കിലും കടന്നുപോവണം. അതിനായുള്ള സ്ഥാപനം കണ്ടെത്തി നല്‍കുക എന്നത് വിദ്യാഭ്യാസസ്ഥാപനം വഹിക്കേണ്ട ചുമതലയാണ്.” പ്രകാശ് ജാവദേകര്‍ പറഞ്ഞു.
എഞ്ചിനിയറിങ് കോഴ്സുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് വര്‍ഷത്തില്‍ ഒരുതവണയെങ്കിലും പരിശീലനക്കളരി ഏര്‍പ്പെടുത്തും എന്നും മന്ത്രി അറിയിച്ചു. ” എല്ലാ അദ്ധ്യാപകരും അവരുടെതായ സാങ്കേതിക മേഖലയിലെ പുതിയ രീതികളെ കുറിച്ചറിയുവാനുള്ള പരിശീലനങ്ങളിലൂടെ നിര്‍ബന്ധിതമായും കടന്നുപോവേണ്ടതുണ്ട്. ‘സ്വയം’ പോര്‍ട്ടളിലൂടെയുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ഇതിനായി രൂപീകരിക്കും” മന്ത്രി പറഞ്ഞു.
വളരെകുറച്ചു എഞ്ചിനിയറിങ് കോളേജുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍ബന്ധിത വേനല്‍കാല ഇന്‍റേണ്‍ഷിപ്പ് നടപ്പിലാക്കുന്നത്. ഇതിനാല്‍ തന്നെ എഞ്ചിനിയറിങ് ബിരുദധാരികളായ പലരും കോഴ്സു പൂര്‍ത്തിയാക്കിയിട്ടും ആവാശ്യമായ അനുഭവസമ്പത്തില്ലാതെയാവുന്നു. എഐസിടിഇ പുറത്തുവിട്ട വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച മന്ത്രി, 15.87 ലക്ഷം എഞ്ചിനിയറിങ് ബിരുദധാരികളില്‍ ആകെ 6.96 ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് എന്നും പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകളിലും തുടര്‍വിദ്യാഭ്യാസത്തിനും വിദ്യാര്‍ഥികള്‍ പോകുന്നില്ല എങ്കില്‍ ഈ സഖ്യ കൂടുതല്‍ വര്‍ദ്ധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഞ്ചിനിയറിങ് ബിരുദധാരികളായ 40% പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത് എന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രാലയം അറിയിച്ചിരുന്നു. വ്യവസായ മേഖലയില്‍ ആവശ്യങ്ങള്‍ കുറഞ്ഞതും എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് തൊഴില്‍പരമായി ആവശ്യപ്പെടുന്ന മികവ് ഇല്ലാത്തതും തൊഴിലില്ലായ്മക്ക് കാരണമായി എന്നും മന്ത്രാലയം നിരീക്ഷിച്ചിരുന്നു. എഞ്ചിനിയറിങ് ബിരുദധാരികളുടെ തൊഴില്‍ലഭ്യത 60% ഉയര്‍ത്താനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത് എന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി പറഞ്ഞു.