ചെന്നൈ: എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ പന്റുട്ടിയിലാണ് സംഭവം. ഒരു മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ കമല്‍ ബാബു (19) ആണ് സൂത്രധാരന്‍. ഈ വ്യാജ ബ്രാഞ്ചില്‍ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫീസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു. കൂടാതെ, പന്റുട്ടി ബാസാര്‍ ബ്രാഞ്ചിനുവേണ്ടി ഒരു വെബ്സൈറ്റും നിര്‍മ്മിച്ചു.
എ.കുമാര്‍ (42), എം.മാണിക്യം (52) എന്നിവരാണ് ബാബുവിനൊപ്പം അറസ്റ്റിലായത്. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് ഇയാള്‍ വ്യാജ ശാഖ തുറന്നത്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍.
Read Also: കോവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സോറിയാസിസ് മരുന്ന് നൽകാൻ അനുമതി
നഗരത്തിലെ മറ്റൊരു ബ്രാഞ്ചിലെ മാനേജരോട് ഒരു ഉപഭോക്താവ് പുതിയ ബ്രാഞ്ചിനെ കുറിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് കമല്‍ ബാബുവിന്റെ തട്ടിപ്പ് പുറത്ത് വന്നത്. വ്യാജ ബ്രാഞ്ച് സന്ദര്‍ശിച്ച മാനേജരും മറ്റു ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. കാരണം, യഥാര്‍ത്ഥ ബാങ്കിലെ എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഉടന്‍ തന്നെ പന്റുട്ടി പൊലീസില്‍ പരാതി നല്കി. പൊലീസ് പ്രതികള്‍ക്കെതിരെ ഐപിസിയുടെ 473, 469, 484, 109 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
അച്ഛനും അമ്മയും എസ്ബിഐ ബാങ്ക് ജീവനക്കാരായിരുന്നതിനാല്‍ കുട്ടിക്കാലത്തെ ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കമല്‍ ബാബു മനസ്സിലാക്കിയിരുന്നുവെന്ന് പന്റുട്ടി ഇന്‍സ്പെക്ടര്‍ അംബേദ്കര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കുട്ടിക്കാലത്ത് മാതാപിതാക്കളുടെ ഓഫീസില്‍ ഇയാള്‍ സ്ഥിരം സന്ദര്‍ശനം നടത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന് മരിച്ചു. അമ്മ വിരമിക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷം ആ ജോലിക്കായി കമല്‍ ബാബു അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷയില്‍ തീരുമാനം വൈകുന്നതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നും അതിനാല്‍ സ്വന്തമായി ഒരു ബാങ്ക് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന് പറയുന്നു.
Read Also: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി
അതേസമയം, ഈ ബ്രാഞ്ചില്‍ പണമിടപാട് നടത്തിയ ഉപഭോക്താക്കള്‍ ആരും പണം നഷ്ടമായെന്ന പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ആളുകളെ പറ്റിക്കണമെന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നും അതേസമയം സ്വന്തമായൊരു ബാങ്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. അതേസമയം, കമല്‍ ബാബുവിന്റെ അമ്മയുടേയും ആന്റിയുടേയും ബാങ്ക് അക്കൗണ്ടുകളില്‍ തമ്മില്‍ ധാരാളം ഇടപാടുകള്‍ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read in English: Tamil Nadu: Three arrested for running ‘duplicate’ SBI bank branch