ന്യൂഡല്‍ഹി: ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായ വീഴ്ചയക്ക് ഉത്തരവാദികളായ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.
ഹരിയാനയിലെ ഒരു താവളത്തില്‍നിന്ന് ഈ വര്‍ഷം മാര്‍ച്ചിലാണു ബ്രഹ്‌മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുത്തത്. പാക്കിസ്ഥാനിലെ മിയാന്‍ ചന്നു പട്ടണത്തിനു സമീപമാണു മിസൈല്‍ പതിച്ചത്.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളില്‍ (എസ് ഒ പി) നിന്നുള്ള വ്യതിചലനമാണു മിസൈല്‍ തൊടുക്കുന്നതിലേക്കു നയിച്ചതെന്നും പിരിച്ചുവിടപ്പെട്ട മൂന്നു ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്നും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തില്‍ വ്യോമസേന കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയിരുന്നു. എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് വൈസ് ചീഫ് (ഓപ്പറേഷന്‍സ്) എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ കെ സിന്‍ഹയുടെ നേത്വത്തിലായിരുന്നു അന്വേഷണം.
സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങളില്‍നിന്നു മൂന്ന് ഉദ്യോഗസ്ഥര്‍ വ്യതിചലിച്ചതാണു 2022 മാര്‍ച്ച് ഒന്‍പതിനു ബ്രഹ്‌മോസ് മിസൈല്‍ ആകസ്മികമായി തൊടുത്തുവിടാന്‍ കാരണമായതെന്നു സംഭവത്തിന്റെ ഉത്തരവാദിത്തം ഉപ്പെടെയുള്ള വസ്തുതകള്‍ കണ്ടെത്താന്‍ രൂപീകരിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറി സ്ഥിരീകരിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
”ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണു സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ സേവനം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് 23-നു പിരിച്ചുവിടല്‍ ഉത്തരവുകള്‍ നല്‍കി,” വ്യോമസേന അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന്, പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ മിസൈല്‍ സംവിധാനം വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ”മാത്രമല്ല നമ്മുടെ സുരക്ഷാ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഏറ്റവും ഉയര്‍ന്ന ക്രമത്തിലാണ്. അതുകാലാകാലങ്ങളില്‍ അവലോകനം ചെയ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.