ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, പ്രകാശ് രാജ് അടക്കം 15 പ്രശസ്ത വ്യക്തികൾക്ക് അജ്ഞാത വധഭീഷണി. പ്രകാശ് രാജ് കത്ത് ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ജനുവരി 29 ന് കത്തിൽ പേര് പരാമർശിച്ചിരിക്കുന്ന മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇവരെല്ലാം രാജ്യദ്രോഹികളെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

നിജഗുണാനന്ദ സ്വാമി, മുൻ ബജ്‌രംഗ്‌ദൾ നേതാവ് മഹേന്ദ്ര കുമാർ, നടൻ ചേതൻ കുമാർ, ബി.ടി.ലളിത നായക്, മഹേഷ് ചന്ദ്ര ഗുരു, പ്രൊഫ.ഭാഗ്‌വൻ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ ദിനേശ് അമിൻ മാട്ടു, മാധ്യമപ്രവർത്തകൻ അഗ്നി ശ്രീധർ, വൃന്ദ കാരാട്ട് എന്നിവരാണ് കത്തിൽ പരാമർശിച്ചിട്ടുളള മറ്റുളളവർ.

Read Also: റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്ക് വേറിട്ട സമ്മാനവുമായി കോൺഗ്രസ്

നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. ”അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കുക. നിങ്ങൾ ഒറ്റയ്ക്കല്ല. മറ്റുളളവരോടും അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാൻ പറയുക. നിങ്ങളെയെല്ലാം തീർച്ചയായും കൊല്ലും,” ഇതായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

കത്ത് ലഭിച്ചതിനു പിന്നാലെ എച്ച്.ഡി.കുമാരസ്വാമിയുടെ സുരക്ഷ വർധിപ്പതായി കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ”സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് നൽകിയിരുന്ന അതേ സുരക്ഷയാണ് എച്ച്.ഡി.കുമാരസ്വാമിക്കും നൽകിയിട്ടുളളത്. ആവശ്യമെങ്കിൽ അദ്ദേഹത്തിന് കൂടുതൽ സുരക്ഷ ഒരുക്കാൻ പൊലീസിനോട് ആവശ്യപ്പെടും” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook